കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് ബാധിതന്‍ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവന്‍ (89) ആണ് മരിച്ചത്. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഇയാള്‍ക്ക് ഉണ്ടായിരുന്നതായി ഡിഎംഒ നാരായണ നായിക്ക് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു.
ഒമ്പതു മാസങ്ങള്‍ക്ക് ശേഷമാണ് കണ്ണൂരില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മാധവന്റെ മരണത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ഡിഎംഒ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേരാണ് കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്. 0.03 ആണ് ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക്. ജാഗ്രത തുടരുന്നതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. എങ്കിലും മുന്‍ ആഴ്ചകളേക്കാളും മുന്‍ മാസങ്ങളേക്കാളും കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.