കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസ് ധാരണ,മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങി കുമാരസ്വാമി; ഇന്നു തന്നെ ഗവര്‍ണറെ കാണും

0
31

കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസ് ധാരണ; കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം; ഇന്നു ഗവർണറെ കാണും
ബംഗ്ളൂരു: അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ജെഡിഎസ്- കോണ്‍ഗ്രസ് ധാരണ. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ജെഡിഎസുമായി കൈകോര്‍ത്തു മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനതാദള്‍ (എസ്) നു പിന്തുണ നല്‍കാന്‍ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വരയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. മന്ത്രിമാരെ ജെഡിഎസിന് തീരുമാനിക്കാം. മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത്.

എഐസിസി ജനറൽ സെക്രട്ടറി ഗുലാംനബി ആസാദ് ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായി ചർച്ച നടത്തി. കോൺഗ്രസ്– ജെഡിഎസ് സഖ്യസാധ്യതകളായിരുന്നു ചർച്ചാ വിഷയം. ഇതിന് പിന്നാലെ സോണിയ ഗാന്ധി തന്നെ ദേഗൗഡയെ വിളിച്ചു. എച്ച്.ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ദേവെഗൗഡ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു. ഫലം പൂർണമായി പുറത്തുവന്നിട്ടു മാത്രം പരസ്യ പ്രതികരണം എന്ന നിലപാടാണ് ജെഡിഎസ് നേതാക്കളുടേത്.

കോണ്‍ഗ്രസ് ജെഡിഎസ് ധാരണ ഇങ്ങനെയെന്നാണു വിവരം: മുഖ്യമന്ത്രിസ്ഥാനം ജെഡിഎസ് സംസ്ഥാനാധ്യക്ഷന്‍ കുമാരസ്വാമിക്ക്. ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിന്, 20 മന്ത്രിമാരും. ദളിനു 14 മന്ത്രിമാര്‍. പുറത്തു നിന്നുള്ള പിന്തുണ പോര, സര്‍ക്കാരില്‍ കോണ്‍ഗ്രസ് വേണമെന്നു നിര്‍ദേശിച്ച് ദേവഗൗഡ.

വൈകിട്ട് ജെഡിഎസും കോണ്‍ഗ്രസും ചേര്‍ന്ന് ഗവര്‍ണര്‍ വാജുഭായി വാലയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം, ദളിനെ വലയിലാക്കാന്‍ ബിജെപി പാളയത്തിലും ശ്രമം നടക്കുന്നുണ്ട്. ഇരുകൂട്ടരും സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം തുടങ്ങിയതോടെ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി.

നിലവിലെ ലീഡ് നില

ബിജെപി 104
കോണ്‍ഗ്രസ് 78
ജെഡിഎസ് 37
മറ്റുള്ളവര്‍ 3

Leave a Reply