Sunday, September 29, 2024
HomeNewsKeralaകര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തു നിന്ന് മാറ്റി,ാര്‍ ജേക്കബ് മനത്തോടത്ത് ആണ്...

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തു നിന്ന് മാറ്റി,ാര്‍ ജേക്കബ് മനത്തോടത്ത് ആണ് പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍:അതിരൂപതയുടെ അധ്യക്ഷനായി മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും

കൊച്ചി:കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞു. പകരം മാര്‍ ജേക്കബ് മനത്തോടത്ത് ആണ് പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍. സീറോ മലബാര്‍ സഭ പാലക്കാട് രൂപത ബീഷപ്പാണ് മാര്‍ ജേക്കബ് മനത്തോടത്ത്. അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും.അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കര്‍ദിനാളിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.ഇതേതുര്‍ന്ന് പ്രതികൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് കര്‍ദിനാള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞത്.

വത്തിക്കാനില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വത്തിക്കാനില്‍ നിന്നും പ്രദേശിക സമയം 1.25നാണ് (ഇന്ത്യന്‍ സമയം 3.30) ഇതുസംബന്ധിച്ച ഉത്തരവ് വന്നത്. ഭൂരിപക്ഷം വൈദികരും അതിരൂപത ട്രാന്‍സ്പരന്‍സി മൂവ്‌മെന്റ് എന്ന പ്രസ്ഥാനത്തിന്റെ കീഴില്‍ വിശ്വാസികളും കര്‍ദ്ദിനാള്‍ അതിരുപത ചുമതല ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതേതുടര്‍ന്ന് അതിരൂപതയുടെ ഭരണപരമായ കാര്യങ്ങള്‍ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റിന്‍ എടയന്ത്രത്തിനേയും ഇടവക ചുമതല മാര്‍ ജോസ് പുത്തന്‍വീട്ടിലിനേയും താല്‍ക്കാലികമായി ഏല്‍പ്പിച്ചിരുന്നു. ഇതില്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന്റെ പക്കലുള്ള ചുമതലയാണ് അതിരൂപതയ്ക്ക് പുറത്തുനിന്നുള്ള ഒരു ബിഷപ്പിന് കൈമാറിയത്.

അങ്കമാലി രൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് കേസെടുത്തത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഇടനിലക്കാരന്‍ സജു വര്‍ഗീസ് എന്നിവര്‍ക്ക് എതിരെയാണു കേസ്.

ഐപിസി 420 (നേട്ടത്തിനായി വഞ്ചന), 402 (വിശ്വാസ വഞ്ചന), 406 (ചതി), 120ബി (ഗൂഢാലോചന) എന്നീ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ കാണാം എന്നു ഹൈക്കോടതി പറഞ്ഞിരുന്നു. ഇടപാടുകളില്‍ സാരമായ അപാകതയുണ്ട്. ബാങ്ക് രേഖകളിലും പ്രശ്‌നങ്ങളുണ്ട്. രൂപത കമ്മിഷന്റെ നിഗമനങ്ങളും ഇടനിലക്കാരന്റെ മൊഴിയും തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്നു. രൂപതയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കര്‍ദിനാളിനു ബാധ്യതയുണ്ട്. കര്‍ദിനാള്‍, രണ്ടു വൈദികര്‍, ഇടനിലക്കാരന്‍ എന്നിങ്ങനെ നാലുപേരെ പ്രതിചേര്‍ക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

അങ്കമാലി സ്വദേശി മാര്‍ട്ടിനായിരുന്നു ആദ്യ പരാതിക്കാരന്‍. ഈ പരാതിയില്‍ പോലീസ് കേസ് എടുക്കാതെ വന്നതോടെയാണ് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് ഹൈക്കോടതിയിലെത്തിയതും അനുകൂല ഉത്തരവ് നേടിയതും. ഇതില്‍ ആരുടെ പരാതിയില്‍ കേസെടുക്കണം, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് എജിയെ സമീപിച്ചത്.

അതേസമയം, കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍, ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണവുമായി അന്വേഷണ സംഘത്തിന് മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഭൂമി ഇടപാടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കാമെന്ന് ജസ്റ്റിസ് കെമാല്‍ പാഷയുടെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബഞ്ചാണ് നേരത്തെ ഉത്തരവിട്ടത്. ആലുവ സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രധാന ഉത്തരവ് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്.

ഷൈന്‍ വര്‍ഗീസിന്റെ പരാതി ഹൈക്കോടതിയിലേക്ക് എത്തിയ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പൊലീസില്‍ പരാതി നല്‍കിയതിന്റെ അടുത്ത ദിവസം തന്നെ കേസെടുത്തില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയതിലാണ് കോടതി വീഴ്ച ചൂണ്ടിക്കാണിച്ചത്. എന്നാല്‍ പൊലീസിന് നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments