കര്‍ഷക കടങ്ങളുടെ മോറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടാന്‍ ബാങ്കേഴ്‌സ് സമിതി

0
26

തീരുമാനം ബാങ്കുകള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള സമീപനം സ്വീകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ഷകരുടെ കടങ്ങളുടെ മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടുന്നതിന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള അവകാശം റിസര്‍വ് ബാങ്കിനായതിനാല്‍ ഇക്കാര്യവും റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടും. നിലവില്‍ ജൂലൈ 31 ന് അവസാനിക്കുന്ന മോറട്ടോറിയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ആവശ്യമെങ്കില്‍ ഇക്കാര്യം ഉന്നയിച്ച് റിസര്‍വ് ബാങ്കിനെ സര്‍ക്കാര്‍ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കി. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാങ്കുകള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാന്ത്രികവും സാങ്കേതികവുമായി പ്രശ്‌നങ്ങളെ സമീപിച്ചാല്‍ അവ സങ്കീര്‍ണ്ണമാകും. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യബാധ്യത ബാങ്കിംഗ് മേഖലയ്ക്കുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ ഒന്നിലധികം പ്രകൃതിദുരന്തങ്ങളെ നേരിട്ട സംസ്ഥാനമാണിത്. ഇതേത്തുടര്‍ന്നാണ് കാര്‍ഷിക കടങ്ങളും കൃഷിയില്‍ നിന്ന് മുഖ്യവരുമാനമുള്ള ആളുകള്‍ എടുത്ത കടങ്ങളും തിരിച്ചടയ്ക്കുന്നതിനുള്ള മോറട്ടോറിയം 2019 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപെട്ടത്. എന്നാല്‍ ആര്‍.ബി.ഐയില്‍ നിന്ന് അനുകൂല പ്രതികരണമല്ല ലഭിച്ചതെന്നാണ് മനസിലാക്കുന്നത്. കാര്‍ഷിക വിലത്തകര്‍ച്ച രാജ്യമെമ്പാടും കര്‍ഷകര്‍ നേരിടുന്ന മുഖ്യപ്രശ്‌നമാണ്. ഇതു നമ്മുടെ കര്‍ഷകരെ ബാധിക്കാതിരിക്കാന്‍ നെല്ല് സംഭരിക്കുകയും പൊതുവിതരണ സമ്പ്രദായം ശക്തമാക്കുകയും ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. കശുവണ്ടി മേഖലയിലെ കടബാധ്യത പുനഃക്രമീകരിക്കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനമെടുത്തിട്ടും ജപ്തി നടപടികള്‍ ഉണ്ടാകുന്നതിന് പരിഹാരം കാണാന്‍ കഴിയണം. നിക്ഷേപ വായ്പാ അനുപാതം കേരളത്തില്‍ കഴിഞ്ഞവര്‍ഷം 67 ശതമാനമായിരുന്നു. എന്നാലിത് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. സാമ്പത്തിക വളര്‍ച്ചയ്ക്ക് നിക്ഷേപ വായ്പാനുപാതം ഉയര്‍ത്തുന്നത് ആവശ്യമായതിനാല്‍ ഇതിനുള്ള നടപടികള്‍ ബാങ്കേഴ്‌സ് സമിതി കൈക്കൊള്ളണം. സര്‍ഫാസി നിയമത്തിലെ ചില കടുത്ത വകുപ്പുകള്‍ എങ്ങനെ ലഘൂകരിക്കാമെന്നും ഗൗരവമായി ആലോചിക്കണം. പൗരന്റെ കിടപ്പാടത്തിനുള്ള അവകാശത്തെ ഹനിക്കുന്ന വകുപ്പുകള്‍ പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആശങ്കകള്‍ക്ക് ആവശ്യമില്ലെന്നും മോറട്ടോറിയം ദീര്‍ഘിപ്പിച്ച നടപടിയെ ബാങ്കേഴ്‌സ് സമിതി അംഗീകരിച്ചിരിക്കുകയാണെന്നും യോഗത്തിനുശേഷം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. സര്‍ഫാസി നിയമപ്രകാരം െനല്‍പാടം മാത്രമല്ല, മറ്റു ഭൂമികളും കൃഷിഭൂമിയായി പരിഗണിക്കമെന്ന് കൃഷി മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇങ്ങനെ പരിഗണിക്കുമ്പോള്‍ ലോണുകള്‍ക്കുണ്ടാകുന്ന സാങ്കേതിക തടസ്സങ്ങള്‍ പരിശോധിക്കാന്‍ നബാര്‍ഡ്, റവന്യൂ, കൃഷി ഉദ്യോഗസ്ഥര്‍, ബാങ്കേഴ്‌സ് സമിതി പ്രതിനിധികള്‍ ഉള്‍പ്പെടെ ഒരു ഉപസമിതി ഇക്കാര്യങ്ങള്‍ പരിശോധിച്ച് നിര്‍ദേശം സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കര്‍ഷക കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ സഹകരണ ബാങ്കുകള്‍ക്ക് പുറമേ മറ്റ് ബാങ്കുകള്‍ കൂടി വരണമെന്നും ഇത് കര്‍ഷകര്‍ക്കും ബാങ്കുകള്‍ക്കും സഹായകരമാകുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ എസ്.എം.എന്‍ സ്വാമി, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ചെയര്‍പേഴ്‌സണ്‍ എ. മണിമേഖല, കണ്‍വീനര്‍ ജി.കെ. മായ തുടങ്ങിയവര്‍ സംബന്ധിച്ചു

Leave a Reply