സ്പെഷ്യൽ റിപ്പോർട്ടർ
പുല്ലാങ്കുഴലിൽ നാദവിസ്മയം തീർത്ത് WMC സ്വിസ്സിന്റെ FB ലൈവിൽ രാജേഷ് ചേർത്തല.വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ലോകമെമ്പാടുമുള്ള കലാ ആസ്വാദകർക്കായി ലോക പ്രശസ്തരായ മലയാളി കലാകാരന്മാരെ facebook ലൈവ് വഴി അവതരിപ്പിക്കുന്ന പ്രോഗ്രാമിന് ഗംഭീര പ്രതികരണം ലഭിച്ചു.

ഫ്യൂഷൻ സംഗീത മേഖലയിലെ നിറ സാന്നിധ്യമായ പ്രശസ്ത കലാകാരൻ രാജേഷ് ചേർത്തലയും കീബോർഡ് ആർട്ടിസ്റ്റ് അനൂപ് ആനന്ദും ചേർന്നൊരുക്കിയ സംഗീതവിരുന്ന് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പ്രേക്ഷകരാണ് ആസ്വദിച്ചത്.

ജൂൺ ആറാം തീയതി ശനിയാഴ്ച വൈകുന്നേരം യൂറോപ്യൻ സമയം അഞ്ചു മണിക്ക് വേൾഡ് മലയാളി കൗൺസിലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ആയ WMC Swiss ലൂടെയാണ് ലൈവ് ഷോ സംപ്രേഷണം നടന്നത്. പുല്ലാങ്കുഴൽ പ്രതിഭയും കീബോർഡിൽ കരവിരുത് തെളിയിച്ച അനൂപും കൂടിച്ചേർന്നപ്പോൾ ഒരു മണിക്കൂർ എന്ന് നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി പ്രേക്ഷകരുടെ സ്നേഹപൂർവമായ കമന്റുകളിലൂടെയുള്ള പ്രോത്സാഹനങ്ങൾ കൊണ്ട് രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് വേൾഡ് മലയാളി കൗൺസിൽ
സ്വിസ് പ്രൊവിൻസ്ന്റെ സെക്രട്ടറി മിനി ബോസ് കലാകാരന്മാരെ സ്വാഗതം ചെയ്തു.

കോവിഡ് പടമുഖത്ത് സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹ സ്പർശമായി ജോലിചെയ്യുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് കൊണ്ടാണ് ശ്രീ രാജേഷ് ചേർത്തല തന്റെ പരിപാടിക്ക് തുടക്കം കുറിച്ചത്. ലോകഡൗൺ കാലത്ത് നാട്ടിൽ സാധാരണക്കാരായ കലാകാരന്മാർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റു വെല്ലുവിളികളെ കുറിച്ചും ശ്രീ രാജേഷ് ചേർത്തല വിവരിച്ചു. ദേശ ഭക്തിഗാനം ആയ വന്ദേമാതരത്തോടെ തുടക്കം കുറിച്ച് മലയാളിയുടെ മനസ്സിൽ തങ്ങിനിൽക്കുന്ന മനോഹരങ്ങളായ നിരവധി നിത്യഹരിതഗാനങ്ങൾ പെയ്തിറങ്ങിയ നിമിഷങ്ങൾക്ക് ഷോ സാക്ഷ്യം വഹിച്ചു. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഗാനങ്ങളും നിറഞ്ഞൊഴുകിയ ഷോ പ്രേക്ഷകമനസ്സുകളിൽ സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ചു. വേൾഡ് മലയാളി കൗൺസിൽ സ്വിസ്
പ്രസിഡണ്ട് സുനിൽ ജോസഫ് ലോകമെമ്പാടും ലൈവ് ഷോ വീക്ഷിച്ചു കൊണ്ടിരുന്ന എല്ലാ കലാ സ്നേഹികൾക്കും ആശംസകളും നന്ദിയും അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ചെയർമാൻ ജോണി ചിറ്റക്കാട്ട് പരിപാടികൾ ഏകോപിപ്പിക്കുവാൻ നേതൃത്വം നൽകി. വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ സോഷ്യൽമീഡിയ ലൈവ് വഴി ലോകമെമ്പാടുമുള്ള മലയാളികളുടെ മുന്നിൽ എത്തിക്കുക എന്ന ആശയമാണ് സംഘടന ഇതിലൂടെ മുന്നോട്ട് വെക്കുന്നത്.