സാമ്പത്തിക പ്രതിസന്ധിയുടെയും ദുരിതത്തിന്റെയും കാലമാണ് കോവിഡും ലോക്ക് ഡൗണും നമുക്ക് നൽകിയത്. വിധ്വേഷത്തിന്റെയും ആത്മഹത്യയുടേയും വിവേചനത്തിന്റെയും സംഭവങ്ങൾ ഈ കോവിഡ് കാലത്തും തുടരുമ്പോൾ നന്മ വറ്റാത്ത സുമനസ്സുകളുടെ ജീവിതങ്ങളാണ് മനുഷ്യരാശിയെ മുൻപോട്ട് നയിക്കാൻ കാരണമാവുക.
അത്തരത്തിലൊരു വാർത്തയാണ് കോട്ടയത്ത് നിന്നും ഇന്ന് നൽകാൻ കഴിയുന്നത്.

കോട്ടയം ട്രാഫിക് സ്റ്റേഷനിലെ എസ് ഐ സുരേഷ് കുമാർ സാറിന്റെ സ്വർണ്ണമാല കോട്ടയം നഗരത്തിലേ ബേക്കർ ജങ്ക്ഷനിൽ വെച്ച് നഷ്ട്ടപ്പെട്ട് പോയിരുന്നു. മൂന്നര പവൻ വരുന്ന മാലയ്ക്ക് ഇന്നത്തെ സ്വർണ്ണ വില അനുസരിച്ച് ഒന്നര ലക്ഷം രൂപയാണ് വില വരുക. നിരവധി വാഹനങ്ങളും യാത്രക്കാരുമൊക്കെ എത്തുന്ന നഗരത്തിന്റെ ഈ ഹൃദയഭാഗത്ത് വെച്ച് നഷ്ടപ്പെട്ട ഈ മാല കിട്ടിയത് കോട്ടയം പള്ളം പന്നിമറ്റം സ്വദേശിനി മോളി ചേച്ചിയ്ക്ക് ആണ്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ഉച്ചയ്ക്ക് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വെച്ച് ഉടമയ്ക്ക് മാല കൈമാറുകയും ചെയ്തു.

വീട്ടുജോലി ചെയ്ത് ജീവിയ്ക്കുന്ന ഒരു സാധാരണ വീട്ടമ്മയായ മോളി ചേച്ചി ഈ കാലഘട്ടത്തിൽ നൽകുന്നത് സത്യസന്ധതയുടെയും കരുതലിന്റെയും സന്ദേശമാണ്. സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ മോളി ചേച്ചി സി എസ് ഡി എസ് എന്ന സംഘടനയുടെ പന്നിമറ്റം കുടുംബയോഗം സെക്രട്ടറി കൂടെയാണ്