കോട്ടയം: ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റ ശരീരത്തില്‍ ആഴത്തിലുള്ള ഏഴു മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനിലെ കെറ്ററിങില്‍ അഞ്ജുവിനെയും നാലും ആറും വയസുളള മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിനെ യുകെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഞ്ജുവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു നിഗമനം. കൊലപ്പെടുത്തിയ ശേഷം 4 മണിക്കൂറോളം സാജു ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജീവയുടെയും ജാന്‍വിയുടെയും പോസ്റ്റുമോര്‍ട്ടം നടപടി പുരോഗമിക്കുകയാണ്. കുട്ടികളുടെ ദേഹത്ത് മുറിവേറ്റതിന്റെ പാടുകളില്ല. അതേസമയം, മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചു വരുന്നു.
അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും മറ്റുമായി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അടിയന്തരമായി ഇടപെടുമെന്ന് ഉറപ്പു നല്‍കിയതായി തോമസ് ചാഴികാടന്‍ എംപി അറിയിച്ചു. ഇതിനു പുറമേ ബ്രിട്ടിഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ എന്ന സംഘടനയും ഇടപെടുന്നുണ്ട്. നോര്‍ക്ക റൂട്‌സ് അധികൃതരുമായും ബന്ധപ്പെട്ടതായി എംപി അറിയിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ എംബസിയുമായി ബന്ധപ്പെട്ടു വേഗത്തിലാക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ അഞ്ജുവിന്റെ പിതാവ് അശോകനെ ഫോണില്‍ അറിയിച്ചു.