ഇലക്ട്രിക് കാറിടിച്ച് സൈക്കിൾ യാത്രികനായ പത്താംക്ലാസുകാരൻ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മനപ്പൂർവമുള്ള നരഹത്യയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കാറോടിച്ച പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജനെതിരെ നരഹത്യയ്ക്ക് കേസെടുമെന്നു പൊലീസ് അറിയിച്ചു.
ആദ്യം മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. എന്നാൽ മരിച്ച വിദ്യാർഥിയുടെ ബന്ധുക്കളുടെ മൊഴിയുടെയും, സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നരഹത്യക്ക് കേസെടുക്കും. കുട്ടിയുടെ അകന്നബന്ധു കൂടിയായ പ്രിയരഞ്ജൻ സംഭവത്തിന് ശേഷം ഒളിവിലാണ്.
30നാണ് പുളിങ്കോട് ക്ഷേത്രത്തിനടുത്ത് വച്ച് പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ എ.അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഐ.ബി.ഷീബയുടെയും മകൻ ആദിശേഖർ ഇലക്ട്രിക് കാറിടിച്ച് മരിച്ചത്. സുഹൃത്തുക്കളുടെ കൂടെ ക്ഷേത്ര പരിസരത്ത് കളിച്ചുകൊണ്ട് നിന്നിരുന്ന കുട്ടി, വീട്ടിലേക്ക് പോകാനായി സൈക്കിളിൽ കയറുന്നതിനിടെയാണ് പ്രധാന റോഡിൽ വശത്ത് നിർത്തിയിരുന്ന കാർ പെട്ടെന്ന് മുന്നോട്ട് എടുത്ത് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. വിദ്യാർഥിയുടെ മുകളിലൂടെ വാഹനം കയറിയിറങ്ങുകയും ചെയ്തു. സംഭവ സ്ഥലത്ത് വെച്ചുതന്നെ വിദ്യാർഥി മരിച്ചു.
അലക്ഷ്യമായി വാഹനം ഓടിച്ച് കുട്ടിയെ ഇടിച്ചതിനായിരുന്നു ആദ്യം പ്രതിക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തത്. ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനു മൊഴി നൽകിയിരുന്നു. ഇയാൾ ഓടിച്ചിരുന്ന കാർ പേയാടിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
അപകടം അവിചാരിതമെന്ന് കരുതുന്നില്ലെന്നും, അപകടത്തിൽ ദുരൂഹതയുണ്ടെന്നും ഇന്നലെ രക്ഷിതാക്കൾ പോലീസിന് മൊഴി നൽകിയിരുന്നു. അപകടത്തിനു മുൻപ് പ്രിയരഞ്ജൻ ക്ഷേത്രത്തിനു മുന്നിൽ മൂത്രം ഒഴിച്ചതിനെ മരിച്ച കുട്ടി ചോദ്യം ചെയ്തിരുന്നു. ഇതോടെ പ്രിയരഞ്ജൻ കയർത്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കൾ പറയുന്നത്.