Friday, November 22, 2024
HomeNewsKeralaകാര്യവട്ടം ക്യാമ്പസ് സംഘർഷം: അർധരാത്രി പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം, എംഎൽഎയ്ക്ക് മർദ്ദനം

കാര്യവട്ടം ക്യാമ്പസ് സംഘർഷം: അർധരാത്രി പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം, എംഎൽഎയ്ക്ക് മർദ്ദനം

  കാര്യവട്ടം കാമ്പസിലെ അക്രമത്തെ ചൊല്ലി ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ അർധരാത്രി നാടകീയ രംഗങ്ങൾ. കെഎസ്യു നടത്തിയ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ സംഘർഷം ഉണ്ടായി. സ്ഥലത്തെത്തിയ എസ്എഫ്‌ഐ പ്രവർത്തകരും കെഎസ്യു പ്രവർത്തകരും തമ്മിൽ മണിക്കൂറുകളോളം കയ്യാങ്കളിയും വാക്കേറ്റവും നടന്നു. സമരത്തിനെത്തിയ എം.വിൻസെന്റ് എംഎൽഎയെ പൊലീസിന് മുന്നിൽ വച്ച് എസ്എഫ്‌ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു. 

കെഎസ്‌യു തിരുവന്തപുരം ജില്ലാ ജനറല് സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മർദ്ദിച്ചെന്നാണ് ആരോപണം. ഇതിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് കെഎസ്യു പ്രവർത്തകർ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനെത്തിയത്. ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷന്റെ വാതിൽക്കലായിരുന്നു ഉപരോധം. സാഞ്ചോസിനെ മർദ്ദിച്ചതിൽ കേസെടുത്ത് എസ്എഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ആവശ്യം. 

കെഎസ്യുവിന്റേത് തട്ടിപ്പ് സമരം എന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകരും സംഘടിച്ചെത്തി. ഇതോടെ ഇരുപക്ഷവും സ്റ്റേഷന് മുന്നിൽ പരസ്പരം പോർവിളി തുടങ്ങി. ഇതിനിടെ എം വിൻസന്റ് എംഎൽഎയും ചെമ്പഴന്തി അനിലും സ്ഥലത്തെത്തി. കാറിൽ നിന്ന് ഇറങ്ങിയ വിൻസന്റിനെ പൊലീസിന് മുന്നിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്തതോടെ സ്ഥിതി വഷളായി. ഇതിനിടെ കല്ലേറിൽ പരിക്കേറ്റ ഒരു പൊലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റി.

സംഘർഷം കൈവിട്ട് പോകുമെന്ന് കണ്ടതോടെ കഴക്കൂട്ടം അസിസ്റ്റന്റ് കമീഷണറും ക്രൈം ഡിറ്റാച്ചമെന്റ് അസിസ്റ്റന്റ് കമ്മീഷണറും സ്ഥലത്തെത്തി. സാഞ്ചോസിനെയും എംഎൽഎയേയും മർദ്ദിച്ചവർക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥരുടെ ഉറപ്പിൽ രാത്രി രണ്ട് മണിയോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments