Sunday, January 19, 2025
HomeNewsKeralaകാറ്റത്തെ കിളിക്കൂട് കാണാന്‍ പോയപ്പോള്‍ ഞാനും തിയ്യേറ്ററില്‍ പീഡനത്തിന് ഇരയായിട്ടുണ്ട്: ദുരനുഭവം പങ്കുവെച്ച് ശാരദക്കുട്ടി

കാറ്റത്തെ കിളിക്കൂട് കാണാന്‍ പോയപ്പോള്‍ ഞാനും തിയ്യേറ്ററില്‍ പീഡനത്തിന് ഇരയായിട്ടുണ്ട്: ദുരനുഭവം പങ്കുവെച്ച് ശാരദക്കുട്ടി

എടപ്പാളിലെ സിനിമാ തിയേറ്ററില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. തിയേറ്ററുകളില്‍ സ്ത്രീകള്‍ക്ക് നേരേ ഇത്തരം അക്രമങ്ങള്‍ നടക്കുന്നത് ആദ്യമല്ലെന്നും താനും അതിന് ഇരയായിട്ടുണ്ടെന്നുമാണ് ശാരദക്കുട്ടി പറഞ്ഞത്.

തിയേറ്ററില്‍ സുരക്ഷാ ക്യാമറകള്‍ ഇല്ലാതിരുന്ന കാലത്ത് കാറ്റത്തെ കിളിക്കൂട് എന്ന ചിത്രം കാണാന്‍ പോയപ്പോള്‍ തനിക്ക് നേരേ ലൈംഗികാതിക്രമം നടന്നതായി ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. കൂട്ടുകാരികള്‍ക്കൊപ്പം സിനിമ കാണാന്‍ പോയപ്പോള്‍ കോട്ടയത്തെ തിയേറ്ററില്‍ വച്ചാണ് ഒരു സംഘം പുരുഷന്‍മാരുടെ ശല്യമുണ്ടായത്. ശല്യം സഹിക്ക വയ്യാതായപ്പോള്‍ തിയേറ്റര്‍ മാനേജരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ മാനേജരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. തങ്ങളെ തെറ്റുകാരികളെന്ന രീതിയിലാണ് അന്ന് പലരും വിലയിരുത്തിയത്.

രണ്ടരമണിക്കൂര്‍ എങ്ങനെയൊക്കെയോ തള്ളിനീക്കി തിയേറ്ററില്‍ നിന്ന് പുറത്തുകടക്കുകയായിരുന്നു. ആ സംഘത്തിന്റെ കണ്ണിലപ്പെടാതിരിക്കാന്‍ തങ്ങള്‍ ഇടവഴിയോടിയെന്നും അപ്പോഴാണ് അവന്‍മാരുടെ ക്രൂരത കണ്ടത്. സുഹൃത്തുക്കളില്‍ ഒരാളുടെ മുടി ബ്ലേഡ് കൊണ്ട് മുറിച്ചിരിക്കുന്നു. മറ്റൊരു സുഹൃത്തിന്റെ പാവാടയില്‍ മുറുക്കി തുപ്പിയിരിക്കുന്നു. ഇന്നും കാറ്റത്തെ കിളിക്കൂട് സിനിമ കാണുമ്പോള്‍ ആ സംഭവം തന്നെ വേട്ടയാടുന്നുവെന്നും ജീവിതത്തില്‍ വലിയ ആഘാതമാണ് ആ തിയേറ്റരില്‍ നിന്നും തനിക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായതെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതോടൊപ്പം എടപ്പാളിലെ തിയേറ്റര്‍ ഉടമയോട് ബഹുമാനം തോന്നുന്നുവെന്നും കൃത്യസമയത്ത് ഇടപെട്ടതിനും പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും കാണിച്ച സാമുഹിക പ്രതിബദ്ധത ഇന്ന് പലര്‍ക്കും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തീയേറ്ററുകളില്‍ സി സി ടി വി ഇല്ലാത്ത കാലം. കോളേജില്‍ നിന്ന് ഞങ്ങള്‍ 5 പെണ്‍കുട്ടികള്‍ കാറ്റത്തെ കിളിക്കൂട് എന്ന ചലച്ചിത്രം കാണുവാന്‍ കോട്ടയത്തെ ആനന്ദ് തീയേറ്ററില്‍ മാറ്റിനിക്കു കയറി. സിനിമക്കു നല്ല തിരക്കാണ്. 5 സീറ്റ് അടുപ്പിച്ചു കിട്ടിയത് ഭാഗ്യമായി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ചെറിയ തോണ്ടലുകള്‍ കുത്തലുകള്‍ ഒക്കെ പിന്നില്‍ നിന്ന് കിട്ടാന്‍ തുടങ്ങി. അന്നൊക്കെ സിനിമക്കു പോകുമ്പോള്‍ തത്കാലാശ്വാസത്തിനായി സേഫ്റ്റി പിന്‍, ബ്ലേഡ് ഇതൊക്കെ മിക്കപെണ്‍കുട്ടികളും കയ്യില്‍ കരുതും. തിരിച്ച് ചെറിയ തോതിലുള്ള പ്രതിരോധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒറ്റ ടീമായി വന്നിരിക്കുന്ന അവന്മാര്‍ക്ക് യാതൊരു അടക്കവുമില്ല.

സിനിമയില്‍ രേവതി മോഹന്‍ലാലിനോടും ശ്രീവിദ്യയോടുമുള്ള വാശി തീര്‍ക്കാന്‍ ഗോപിയെ പ്രലോഭിപ്പിക്കുന്ന രംഗമായി. ഞങ്ങള്‍ക്ക് സിനിമ ശ്രദ്ധിക്കാനേ കഴിയുന്നില്ല. പിന്നിലൂടെ, വശങ്ങളിലൂടെ കൈകള്‍ നീണ്ടു നീണ്ട് വരുന്നു. ദേഹത്താകെ പരതുന്നു.. മാനേജറുടെ ഓഫീസില്‍ ചെന്ന് പ്രശ്‌നം അവതരിപ്പിച്ചു. അവര്‍ ഉടനെ വന്ന് ശല്യകാരെ താക്കീതു ചെയ്തു. ഇറക്കി വിട്ടൊന്നുമില്ല. ഞങ്ങള്‍ സിനിമ കാണാന്‍ ശ്രമിച്ചെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. ഒരു മനസ്സമാധാനവുമില്ല. തീയേറ്റര്‍ വിട്ട് ഇറങ്ങിപ്പോയതുമില്ല. എന്താന്നു ചോദിച്ചാല്‍ അറിയില്ല. അന്നത്തെ കാലത്ത് ചില ഭയങ്ങള്‍ അങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നേ ഉത്തരമുള്ളു. ആള്‍ക്കൂട്ടത്തിന്റെ കൂടെ പുറത്തിറങ്ങിയാല്‍ മതിയെന്ന് തമ്മില്‍ത്തമ്മില്‍ വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ചു ഞങ്ങള്‍ തീരുമാനിച്ചു.

ഞങ്ങളാണ് തെറ്റുകാരികളെന്ന് സ്വയം കുറ്റപ്പെടുത്തി. എങ്ങനെയോ രണ്ടര മണിക്കൂര്‍ തള്ളി നീക്കി. സിനിമ തീര്‍ന്നപ്പോഴും ഭയം കുറ്റവാളികള്‍ക്കല്ല, ഞങ്ങള്‍ക്കാണ്, അവന്മാരെ വെളിച്ചത്ത് തിരിച്ചറിയാമല്ലോ എന്നല്ല,അവന്മാര്‍ ഞങ്ങളെ തിരിച്ചറിയുമോ എന്നാണ് വേവലാതി. വേഗമിറങ്ങി തിരക്കിലൂടെ ഓടുകയാണ്. പരസ്പരം ചേര്‍ത്തു പിടിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ ഇടവഴിയില്‍ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളില്‍ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചു കളഞ്ഞിരിക്കുന്നു. ഒരാളുടെ വെളുത്ത പാവാടയില്‍ മുറുക്കിത്തുപ്പിയിരിക്കുന്നു.

ഇന്നും കാറ്റത്തെ കിളിക്കൂട് ടി വി യില്‍ കാണുമ്പോള്‍ ഞങ്ങള്‍ പരസ്പരം ഫോണില്‍ ബന്ധപ്പെടും.ബലവാന്മാരെ ഭയന്ന് നിശ്ശബ്ദരായിപ്പോയ പെണ്‍കുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മയാണ് ഇന്നും ആ ചിത്രം .

എടപ്പാളിലെ തീയേറ്ററുടമയോട് ബഹുമാനം തോന്നുന്നു. ഇരുട്ടില്‍ ആരുമറിയാതെ എത്രയോ തീയേറ്ററുകളില്‍ സംഭവിക്കുന്ന ക്രൂരതകളില്‍ ഒന്നു മാത്രമാകാം ഇത്. ആ തീയേറ്ററുടമ കാണിച്ച സാമൂഹിക നീതിബോധം പോലും കാണിക്കാതിരുന്ന പോലീസിനോട് പുച്ഛമാണ് തോന്നുന്നത്. അവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകണം. നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ വിഷയം മാത്‌റുഭൂമി ചാനല്‍ പുറത്തു കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ മാന്യന്‍ മൊയ്തീന്‍ കുട്ടി നാളെയും നിര്‍വൃതിക്കായി മറ്റേതെങ്കിലും തീയേറ്ററിലേക്ക് ബെന്‍സില്‍ വന്നിറങ്ങുമായിരുന്നു.

മാധ്യമ ധര്‍മ്മം ശരിയായി നിര്‍വ്വഹിച്ച മാതൃഭൂമിയും പൊതു ധര്‍മ്മം നിര്‍വ്വഹിച്ച എടപ്പാളിലെ തീയേറ്റര്‍ ഉടമയും അഭിനന്ദനമര്‍ഹിക്കുന്നു. അന്തസ്സായി ആര്‍ത്തിയും പരവേശവുമില്ലാതെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത ശ്രീജ, ജയപ്രകാശ് ഇവരും അഭിനന്ദനത്തിനര്‍ഹരാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments