ന്യൂഡല്‍ഹി: കാസ്റ്റിംഗ് കൗച്ചിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രേണുക ചൗധരി. കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമാ വ്യവസായത്തില്‍ മാത്രമല്ല, പാര്‍ലമെന്റ് അടക്കം എല്ലായിടത്തും നടക്കുന്നുണ്ടെന്നും രേണുക ചൗധരി പറഞ്ഞു. കാസ്റ്റിംഗ് കൗച്ച് ചൂഷണമായി കാണാനാകില്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം നല്‍കുന്ന ഒരു സംഗതിയാണെന്നും പറഞ്ഞ നൃത്ത സംവിധായിക സരോജ് ഖാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് രേണുക രംഗത്തെത്തിയത്.
ഇത് സിനിമാ വ്യവസായത്തില്‍ മാത്രമല്ല, എല്ലായിടത്തും സംഭവിക്കുന്നതും കയ്പുള്ള ഒരു യാഥാര്‍ത്ഥ്യവുമാണ്, ‘മീ ടൂ’ മുദ്രാവാക്യവുമായി ഇന്ത്യ തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമാണ് ഇപ്പോഴെന്നും രേണുക വ്യക്തമാക്കി.ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരു പെണ്‍കുട്ടി തട്ടിയെടുക്കുന്നു. ഒരു സര്‍ക്കാര്‍ വരുന്നത് പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തിട്ടല്ലേ സര്‍ക്കാരിലും അതാകാമെങ്കില്‍ സിനിമയിലും ആകാം. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ചീത്തകരങ്ങളില്‍ വീഴാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അങ്ങനെ സംഭവിക്കുകയില്ല. എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നത്. സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയരുത്. കാരണം സിനിമ എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാമാണ് എന്നായിരുന്നു സരോജിന്റെ പ്രസ്താവന.
അതേസമയം പ്രസ്താവന വിവാദമായതോടെ സരോജ് ഖാന്‍ മാപ്പ് പറഞ്ഞിരുന്നു.