Friday, November 22, 2024
HomeNewsKeralaകുട്ടനാട്ടിലെ സിപിഎം ഏറ്റുമുട്ടൽ; അടികൊണ്ട നേതാക്കൾക്കെതിരെയും വധശ്രമത്തിന് കേസ്

കുട്ടനാട്ടിലെ സിപിഎം ഏറ്റുമുട്ടൽ; അടികൊണ്ട നേതാക്കൾക്കെതിരെയും വധശ്രമത്തിന് കേസ്

ആലപ്പുഴ: കുട്ടനാട്ടിലെ സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ അടികൊണ്ട നേതാക്കൾക്കെതിരെയും വധശ്രമത്തിന് കേസെടുത്ത് പൊലീസ്. ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡിവൈഎഫ്ഐ രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്തിനും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശരവണനും എതിരെയാണ് കേസ്. തലയ്ക്ക് പരിക്കേറ്റ ഇരുവരും ചങ്ങനാശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമി സംഘത്തിലെ കിഷോറിനെ തലക്കടിച്ച് പരിക്കേൽപ്പിച്ചതിനാണ് വധശ്രമത്തിന് കേസ്. കിഷോറിന്റെ പരാതിയിലാണ് നടപടി. രഞ്ജിത്തും ശരവണനും തലക്ക് കല്ലു കൊണ്ടിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കിഷോറിന്റെ മൊഴി. 

ഞായറാഴ്ച രാത്രിയാണ് പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഔദ്യോഗിക വിഭാഗവും വിമത പക്ഷവും തമ്മില്‍ മൂന്നിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. കമ്പിവടിയും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. നേതാക്കളടക്കം ആറ് പേര്‍ക്കാണ് പരിക്കേറ്റത്. അഞ്ച് സിപിഎം അനുഭാവികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വിഭാഗീയത രൂക്ഷമായ കുട്ടനാട്ടില്‍ സിപിഎമ്മില്‍ നിന്ന് കൂട്ടരാജി നടന്നിരുന്നു. കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ബ്രാഞ്ചുകളില്‍ നിന്ന് മുന്നൂറില്‍ അധികം പേരാണ് രാജിവച്ചത്.

സംസ്ഥാന നേതൃത്വം ഇടപെട്ട് പരാതികള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും തര്‍ക്കം വീണ്ടും സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഈ മാസം അവസാനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ പ്രശ്‌ന പരിഹാര ചര്‍ച്ച നടക്കാനിരിക്കെയാണ് ഇരു വിഭാഗങ്ങളും തെരുവില്‍ ഏറ്റുമുട്ടിയത്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments