കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരു ഓര്‍ത്തഡോക്സ് വൈദികന്‍ കീഴടങ്ങി. കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യൂവാണ് കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ജോബ് മാത്യൂവിനെ കമ്മീഷണര്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യും.
കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പീഡിപ്പിച്ചത് ഫാം ജോബ് മാത്യൂവാണെന്ന് യുവതി മൊഴി നല്‍കിയിരുന്നു. ജോബ് മാത്യൂവിന് പുറമേ ഫാ. എബ്രഹാം വര്‍ഗീസ്, ഫാ. ജെയ്സ് കെ ജോര്‍ജ് എന്നിവരും വൈകാതെ പൊലീസിന് മുന്‍പില്‍ കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനുളള അന്വേഷണം പൊലീസ് തുടരുകയാണ്.
കഴിഞ്ഞ ദിവസം ലൈംഗീക പീഡന ആരോപണത്തില്‍ മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. തുടര്‍ന്നാണ് ഇവരുടെ അറസ്റ്റിലേക്ക് പൊലീസ് നീക്കം ആരംഭിച്ചത്. ഇതിനിടയില്‍ സുപ്രീംകോടതിയെ സമീപിക്കാനും വൈദികര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാവാനുളള സാധ്യത കുറവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ മൂന്നുപേരും പൊലീസിന് മുന്‍പാകെ ഉടന്‍ കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വൈദികരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമായ മൊഴിയുളളതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകായിരുന്നു.