കുവൈത്തിൽ അനധികൃത താമസക്കാർക്ക്​ അനുവദിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം . അനധികൃത താമസക്കാരിൽ ഒരു ലക്ഷത്തിനടുത്തുള്ളവര്‍ ഇനിയും ഇളവുകാലം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് . താമസരേഖകൾ ഇല്ലാത്ത മുഴുവൻ ഇന്ത്യാക്കാരും പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് എംബസി അഭ്യർത്ഥിച്ചു.

താമസകാര്യ വകുപ്പിന്റെ കണക്കനുസരിച്ച്​ 1,54,000 അനധികൃതർ താമസക്കാരാണ്​ പൊതുമാപ്പ് പ്രഖ്യാപിക്കുമ്പോൾ രാജ്യത്തുണ്ടായിരുന്നത് . ഇതിൽ അമ്പതിനായിരത്തിൽ പരം ആളുകളാണ് പൊതുമാപ്പിന്റെ ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയത് . അതായത് ഒരു ലക്ഷത്തിലധികം പേർ ഇപ്പോഴും അനധികൃതരായി തന്നെ കഴിയുകയാണെന്നു സാരം . ​ ഏപ്രിൽ 22 വരെയാണ്​ പൊതുമാപ്പ്​ കാലാവധി. ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസ നിയമലംഘകർക്ക്​ പൊതുമാപ്പ് അനുവദിച്ചത്. അനധികൃതതാമസക്കാർക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച്​ രേഖകൾ ശരിയാക്കാനും ആദ്യം 25 ദിവസത്തെ ഇളവാണ്‌ അനുവദിച്ചത് . വിവിധ എംബസികളുടെ അഭ്യർഥനയെ തുടർന്ന്​ ​ പിന്നീട്​ രണ്ടുമാസം കൂടി നീട്ടുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ വിദേശ എംബസികളിലും താമസകാര്യ വകുപ്പ് ആസ്ഥാനത്തും വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

എന്നാൽ ഇളവ് കാലം നീട്ടിയതോടെ തിരക്ക് കുറഞ്ഞു . 27000 ഇന്ത്യക്കാർ അനധികൃത താമസക്കാരായുണ്ടെന്നായിരുന്നു കണക്കുകൾ എന്നാൽ ഇവരിൽ പകുതിയിൽ താഴെ മാത്രമാണ് ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രേഖകൾ ശരിയാക്കുകയോ തിരിച്ചു പോവുകയോ ചെയ്തത്. . പൊതുമാപ്പ്​ കാലം കഴിഞ്ഞാൽ അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടികൂടാൻ വ്യാപക പരിശോധനയുണ്ടാകുമെന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട് . പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും റെയ്ഡിൽ പിടിക്കപ്പെടുന്നവരെ ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഫിംഗർ പ്രിന്റ്​ എടുത്തു നാടുകടത്തുമെന്നും ​അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.