കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പയിൽ ജോളി ഉൾപ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി രണ്ടുദിവസത്തേക്ക് കൂടി നീട്ടി. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി നീട്ടിയത്. പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. മൂന്നുദിവസം കസ്റ്റഡി നീട്ടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് പ്രതികളെ താമരശേരി കോടതിയിൽ ഹാജരാക്കിയത്.
കോയമ്പത്തൂരിലേക്ക് തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡി നീട്ടാൻ പൊലീസ് ആവശ്യപ്പെട്ടത്. പ്രജികുമാർ സയനൈഡ് എത്തിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കോയമ്പത്തൂരിലടക്കം തെളിവെടുക്കാനാണ് കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെട്ടത്. അതേസമയം പൊലീസിനെതിരെ പരാതിയില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. ഇതിനിടെ പ്രതി രജികുമാറുമായി സംസാരിക്കാൻ ഭാര്യയ്ക്ക് കോടതി 10 മിനിട്ട് അനുവദിച്ചു.
അതേസമയം ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായം നൽകിയ തഹസീൽദാർ ജയശ്രീയുടെ മൊഴിയെടുക്കുന്നത് തുടരുകയാണ്. ജയശ്രീ ഇന്നും ഡെപ്യുട്ടി കളക്ട ർമുമ്പാകെ ഹാജരായി. ഷാജുവിന്റെ പിതാവ് സഖറിയാസിന്റെ മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് പുലിക്കയത്തെ വീട്ടിലെത്തി. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മടങ്ങി. അതിനിടെ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.