Friday, July 5, 2024
HomeTRAVELകൂര്‍ഗ്ഗിലേക്കൊരു യാത്ര പോകാം….

കൂര്‍ഗ്ഗിലേക്കൊരു യാത്ര പോകാം….

എങ്ങോട്ട് പോകണം എന്ന ആശങ്ക ഒരു യാത്ര പോകാം എന്നു തീരുമാനിക്കുമ്പോഴേ തുടങ്ങുന്നതാണ്. ഇനിയൊരു യാത്ര പോകാന്‍ തേതോന്നുമ്പോള്‍ അധികം പണച്ചലവില്ലാതെ സുന്ദരമായ കാഴ്ചകള്‍ കണ്ടുമടങ്ങാന്‍ പറ്റിയൊരു സ്ഥലമുണ്ട്-കൂര്‍ഗ് അഥവാ കൊടക്…കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് തിളക്കം മൂന്നാറെങ്കില്‍ ഇപ്പോള്‍ കര്‍ണാടകയുടെ തിളക്കം കൂര്‍ഗ്ഗിനാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കൂര്‍ഗ്ഗ് മൂന്നാറിനെ കടത്തിവെട്ടി. ഇതിന് കാരണമുണ്ട്.അതെക്കുറിച്ചറിയണമെങ്കില്‍ കൂര്‍ഗ്ഗ് സന്ദര്‍ശിക്കുക തന്നെ വേണം….

അടുത്തിടെ നടത്തിയ സര്‍വേയില്‍ കൂര്‍ഗ്ഗിന് ഇന്ത്യയിലെ പ്രധാന ഹില്‍സ്‌റ്റേഷന്‍ എന്ന പദവി നല്‍കിയിരുന്നു. സാഹസിക വിനോദങ്ങള്‍, സഞ്ചരിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി നിരവധി സ്ഥലങ്ങള്‍ ഇതൊക്കെയാണ് കൂര്‍ഗ്ഗിനെ സഞ്ചാരികളുടെ ഇടയില്‍ പ്രിയങ്കരമാക്കുന്നത്. മൂന്നാറിനേക്കാള്‍ വിശാലമാണ് കൂര്‍ഗ്ഗ്. അവിടെ എത്തിയാല്‍ അതിന്റെ സാംസ്‌കാരിക തനിമയില്‍ നമ്മള്‍ അഭിരമിച്ച് പോകും. അതിന്റെ പ്രകൃതി ഭംഗിയില്‍ നമ്മള്‍ മതിമറക്കും. ഇതാണ് സഞ്ചാരികളെ മൂന്നാറിനെക്കാള്‍ കൂര്‍ഗ് സന്തോഷിപ്പിക്കുന്നത്. അവിടുത്ത പ്രകൃതി ഭംഗി ഏത് കാലാവസ്ഥയിലും ആസ്വദിക്കേണ്ടത് തന്നെ. ഏത് തരത്തിലുള്ള സഞ്ചാരികള്‍ക്കും കൂര്‍ഗ്ഗ് ഇഷ്ടപ്പെടും സാഹസിക പ്രേമികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് കൂര്‍ഗ്ഗ്.

കണ്ണൂരിനോടും വയനാടിനോടും ചേര്‍ന്ന് കിടക്കുന്ന കര്‍ണ്ണാടകയിലെ ഒരു ജില്ലയാണ് കൊടക്. വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കൊടക്‌സുപരിചിതമാണെങ്കിലും തെക്കന്‍ കേരളത്തില്‍ അത്ര അറിയപ്പെടുന്ന ഒന്നല്ല ഈ സ്ഥലം. സഹ്യമലനിരകള്‍ക്കു മുകളില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു ഹരിതഭംഗിയാണ് കൊടക്. കൊടകിലെ പ്രധാന ജനവിഭാഗം കൊടവ ആണ്. കൊടവ പുരുഷന്മാരും സ്ത്രീകളും അകാരഭംഗി ഉള്ളവരായി കണക്കാക്കപ്പെടുന്നു. മറാത്ത സ്ത്രീകള്‍ കഴിഞ്ഞാല്‍ പിന്നെ തന്റെ ചിത്രങ്ങള്‍ക്ക് മോഡലുകളായി രാജാ രവിവര്‍മ്മ തിരഞ്ഞെടുത്തിരുന്നത് കൊടവ സ്ത്രീകളെ ആണെന്ന് പറയപ്പെടുന്നു.
koorg
മടിക്കേരി കൊടകിലെ ഒരു പ്രധാനപട്ടണമാണ്. ഇവിടെ വിനോദസഞ്ചാരികള്‍ എത്താറുള്ള ഒരു സ്ഥലമാണ് രാജാസ് സീറ്റ് (രാജാവിന്റെ ഇരിപ്പിടം). രാജാസ് സീറ്റില്‍ നിന്നും താഴ്വാരത്തിലേക്ക് നോക്കിനില്‍ക്കുക സമതലവാസികള്‍ക്ക് അപൂര്‍വമായ ഒരു അനുഭവം തന്നെയാണ്. മലനിരകളിലൂടെ കോടമഞ്ഞ് ഒഴുകിപോകുന്നത് കാണാം. രാജഭരണകാലത്ത് രാജാവും കുടുംമ്പാംഗങ്ങളും പ്രകൃതി ആസ്വദിക്കാനായി ഇവിടെ എത്താറുണ്ടായിരുന്നത്രേ. കൊടക് ഒരുകാലത്തും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സ്വതന്ത്രമായ ഒരു രാജ്യമായി നിലനിന്നിട്ടില്ല എന്ന് വേണം കരുതാന്‍. 1834 ല്‍ കൊടക് പൂര്‍ണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയില്‍ വന്നു.

മടിക്കേരി പട്ടണത്തില്‍ തന്നെയാണ് ഓംകരേശ്വര ക്ഷേത്രം. ഈ ശിവക്ഷേത്രം 1820 ല്‍ ലിംഗരാജേന്ദ്ര രണ്ടാമന്‍ പണികഴിപ്പിച്ചതാണ് എന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ വാസ്തുകലയില്‍ പ്രത്യേകം ശ്രദ്ധിക്കപെടുക അതിന്റെ ഇസ്ലാമിക സ്പര്‍ശം ആണ്. വശങ്ങളില്‍ മീനാരങ്ങളോട് കൂടി നിര്‍മ്മിക്കപെട്ട ക്ഷേത്രം ഇസ്ലാമിക വാസ്തുകലയുടെ പ്രകടമായ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ചരിത്രാതീത കാലം മുതല്‍ വടക്കന്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്നും സുഗന്ധവ്യഞ്ജന, മലഞ്ചരക്ക് വ്യാപാരത്തിനായി മുസ്ലീങ്ങള്‍ കൊടകില്‍ എത്തിയിരുന്നു. പില്‍ക്കാലത്ത് ഹൈദര്‍അലിയുടെയും ടിപ്പുസുല്‍ത്താന്റെയും അധിനിവേശ സമയത്ത് കൊടവവംശജര്‍ തന്നെ ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപെട്ടിട്ടും ഉണ്ട്. ഇസ്ലാം, കൊടകിലെ പ്രബലമായ ഒരു മതവിഭാഗം ആണ്.

മടിക്കേരി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വെള്ളച്ചാട്ടം ആണ് അബി ഫാള്‍സ്. മടിക്കേരിയില്‍ നിന്നും മൈസൂറിലേക്കുള്ള വഴിയില്‍ ഏതാണ്ട് ഇരുപത്തിയഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന കാവേരിയുടെ തീരത്തുള്ള ഒരു ആനവളര്‍ത്തല്‍ കേന്ദ്രം ആണ് ദുബാരെ. കൂര്‍ഗ്ഗിനെ മൂന്നാറില്‍ നിന്ന് വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം ബുദ്ധ വിഹാരമാണ്. ഹോംസ്‌റ്റേയാണ് കൂര്‍ഗ്ഗില്‍ എത്തുന്നവര്‍ക്ക് പ്രിയങ്കരമായ മറ്റൊരു കാര്യം. അതിഥിയെ ദേവനായി കണക്കാക്കുന്ന സംസ്‌കാരത്തിന്റെ ഒരു യഥാര്‍ത്ഥ ചിത്രം ഇവിടെ കാണാം. അതിഥികളെ ഇവിടുത്തുകാര്‍ ദൈവമായി കാണുന്നു. സല്‍ക്കരിക്കുന്നു. ഇങ്ങനെ കൂര്‍ഗും അവിടുത്തെ മനുഷ്യരും എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്…

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments