കെഎസ്ആർടിസിയിൽ ഡ്യൂട്ടി പരിഷ്‌കരണമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സിഎംഡി വിളിച്ച അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകീട്ട് നാലരയോടെ ചീഫ് ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് യോഗം.ആഴ്ചയിൽ 6 ദിവസവും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം, ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ് പാറ്റേൺ പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളാണ് പ്രധാന അജണ്ട. ഒക്ടോബർ 1 മുതൽ ഘട്ടം ഘട്ടമായി പരിഷ്‌കരണ നടപടികൾ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്‌മെന്റ് തീരുമാനം. എന്നാൽ സിഐടിയു ഒഴികെയുള്ള യൂണിയനുകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ അടക്കം പ്രത്യക്ഷമായി എതിർപ്പ് അറിയിച്ചിട്ടുണ്ട്.