കെവിനെ തട്ടിക്കൊണ്ടുപോയവര്‍ക്കു പൊലീസിന്റെ സഹായം ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഐജി വിജയ് സാഖറെ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്
പട്രോള്‍ ഡ്യൂട്ടിയുണ്ടായിരുന്ന എഎസ്‌ഐ ബിജുവിനയെും ഡ്രൈവറെയും കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ഇതിനകം തന്നെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഐജി പറഞ്ഞു. പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളും കൈക്കൂലി വാങ്ങിയതായ വാര്‍ത്തയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഐജി വ്യക്തമാക്കി.
എസ്‌ഐ എംഎസ് ഷിബു പ്രതികളെ സഹായിച്ചതായി സൂചനകള്‍ ലഭിച്ചിട്ടില്ല. എസ്‌ഐ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. കൂടുതല്‍ അന്വേഷണത്തില്‍ എസ്‌ഐയുടെ പങ്കു തെളിഞ്ഞാല്‍ അതിന് അനുസരിച്ച് നടപടിയുണ്ടാവും.
പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി ഐജി പറഞ്ഞു. തട്ടിക്കൊണ്ടുപോവല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കെവിന്റെ ബന്ധു അനീഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അ്‌ന്വേഷണം പുരോഗമിക്കുന്നത്. അനീഷിന്റെ മൊഴിയിലെ വിവരങ്ങള്‍ വ്യക്തമാണ്. പിടിയിലായവരുടെ മൊഴിയുമായി ഇതു ചേര്‍ത്തുവച്ചു പരിശോധിച്ചു. വരും മണിക്കൂറുകളില്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് ഐജി പറഞ്ഞു.