കേജ്രിവാളിന് ആശ്വാസം, എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി തള്ളി

0
29

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി തള്ളി. കമ്മീഷന്റെ നടപടി തെറ്റാണെന്ന് കോടതി വിലയിരുത്തി. എംഎല്‍എമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. എംഎല്‍എമാരുടെ വാദം കേള്‍ക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരട്ട പദവി കേസ് കമ്മിഷന്‍ വീണ്ടും പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ആം ആദ്മിയുടെ 21 എംഎല്‍എമാര്‍ 2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്തംബര്‍ 8 വരെ മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിമാരായതാണ് അയോഗ്യതയ്ക്ക് ഇടയാക്കിയത്. ഇത് ഇരട്ടപ്പദവിയാണെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് പട്ടേല്‍ ആണ് കമ്മീഷന് പരാതി നല്‍കിയത്. ആം ആദ്മി അധികാരമേറ്റ് ഒരു മാസം തികയും മുന്‍പാണ് എംഎല്‍എമാരെ ഈ പദവിയില്‍ നിയമിച്ചത്. പാര്‍ലമെന്ററി സെക്രട്ടറി നിയമനം 2016 സെപ്തംബറില്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനത്തിന് ലഫ്. ഗവര്‍ണറുടെ അനുമതി ഇല്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി.

തുടര്‍ന്ന് ഇക്കാര്യത്തില്‍ പരാതി സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ജനുവരി 19ന് 20 എം.എല്‍.എമാര്‍ക്കും അയോഗ്യത കല്‍പ്പിച്ചത് ആം ആദ്മിക്ക് കനത്ത തിരിച്ചടിയായിരുന്നു. കമ്മിഷന്‍ നല്‍കിയ ശുപാര്‍ശ രണ്ട് ദിവസത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചതോടെ ആം ആദ്മി പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കമ്മിഷന്‍ തീരുമാനമെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം. തുടര്‍ന്ന് ഇക്കാര്യത്തില്‍ വാദം കേട്ട കോടതി എംഎല്‍എമാരുടെ ഭാഗം കൂടി കേള്‍ക്കണമെന്നും ഇതിന് ശേഷം തീരുമാനമെടുക്കണമെന്നും കമ്മീഷനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിയിലൂടെ സത്യം ജയിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു.

Leave a Reply