ഹൈദരാബാദ് : പുതിയ കേന്ദ്രകമ്മിറ്റിയെയും പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി സിപിഎമ്മിലെ തര്‍ക്കത്തിന് പരിഹാരമായതായി സൂചന. കേന്ദ്രകമ്മിറ്റിയില്‍ പത്തു പുതുമുഖങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനംആയി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപക്ഷത്തിനും സ്വീകാര്യമായവരാകും പുതുതായി എത്തുന്നവര്‍. അതിനിടെ എസ് രാമചന്ദ്രന്‍ പിള്ള അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. എസ്ആര്‍പിയുടെ മറുപടിയെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.
കേന്ദ്രകമ്മിറ്റിയിലെയും പൊളിറ്റ് ബ്യൂറോയിലെയും പുതിയ അംഗങ്ങളുടെ കാര്യത്തില്‍ രാവിലെ ചേര്‍ന്ന പിബി യോഗത്തിലും സമവായത്തിലെത്തിയിരുന്നില്ല. കേന്ദ്രകമ്മിറ്റി അഴിച്ചുപണിയണമെന്ന് യോഗത്തില്‍ യെച്ചൂരി പക്ഷം ആവശ്യപ്പെട്ടു. കേന്ദ്രകമ്മിറ്റി പൊളിച്ചുപണിയാതെ മുന്നോട്ടുപോകാനാകില്ല. സംസ്ഥാനങ്ങളില്‍ വന്ന മാറ്റങ്ങള്‍ കേന്ദ്ര നേതൃത്വത്തിലും പ്രതിഫലിക്കണം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരത്തിനും തയ്യാറെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.
പൊളിറ്റ് ബ്യൂറോയിലെ എസ് രാമചന്ദ്രന്‍പിള്ള, എകെ പത്മനാഭന്‍, ജി രാമകൃഷ്ണന്‍ എന്നിവരെ ഒഴിവാക്കണം. ഇവര്‍ക്ക് പകരം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ അടക്കമുള്ള പുതിയ നേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന് യെച്ചൂരി വാദിച്ചു. മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ അശോക് ധവാളെയെ പോലുള്ളവരെ അവഗണിക്കുന്നത് ശരിയല്ലെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം തങ്ങള്‍ക്ക് മുന്‍തൂക്കമുള്ള നിലവിലെ പിബിയും കേന്ദ്രകമ്മിറ്റിയും തുടരണമെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കേന്ദ്രകമ്മിറ്റിയിലെ ഒഴിവുകള്‍ നികത്തിയാല്‍ മതിയെന്നും, കാര്യമായ അഴിച്ചുപണി വേണ്ടെന്നും കാരാട്ട് പക്ഷം നിലപാട് സ്വീകരിച്ചു. മുതിര്‍ന്ന അംഗമായ എസ് രാമചന്ദ്രന്‍പിള്ളയ്ക്ക് 80 വയസ്സ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കണമെന്നും, അദ്ദേഹത്തെ പിബിയില്‍ തുടരാന്‍ അനുവദിക്കണമെന്നും കാരാട്ട് പക്ഷം ആവശ്യപ്പെട്ടു. എസ്ആര്‍പിയും എകെ പത്മനാഭനും പിബിയില്‍ വേണമെന്ന് കേരളഘടകവും നിലപാടെടുത്തു. എന്നാല്‍ ഏകകണ്ഠമായി പിന്തുണച്ചാല്‍ മാത്രമേ നേതൃതലത്തില്‍ തുടരാനുള്ളൂ എന്നാണ് എസ്ആര്‍പിയുടെ നിലപാട്.
അതിനിടെ കേന്ദ്രകമ്മിറ്റി അംഗങ്ങളെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടത്താമെന്ന് യെച്ചൂരിയെ അനുകൂലിക്കുന്ന ബംഗാള്‍ ഘടകം നിര്‍ദേശിച്ചു. കേന്ദ്രകമ്മിറ്റിയില്‍ നിന്നും പി കെ ഗുരുദാസന്‍ ഒഴിയും. കേരളത്തില്‍ നിന്നും എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ പുതിയ കേന്ദ്രക്കമ്മിറ്റി അംഗങ്ങളുടെ പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.