കേരളം ഒറ്റയ്ക്കല്ല, കേന്ദ്രം ഒപ്പമുണ്ടാകും, ഒരുതരത്തിലും സാമ്പത്തികമായ തടസങ്ങളുണ്ടാകില്ല:വയനാടിനായി പ്രധാനമന്ത്രിയുടെ ഉറപ്പ്

0
26

സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും കേരളം ഒറ്റയ്ക്കല്ലെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനം. സംസ്ഥാന സര്‍ക്കാരിനൊപ്പം വയനാടിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളും ദുരിതബാധിതരെയും നരേന്ദ്രമോദി നേരിട്ട് കണ്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ,കേന്ദ്രമന്ത്രി സുരേഷ് ഗോപി ,മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.

ദുരന്തം തൂത്തെറിഞ്ഞ വയനാടിന്റെ മണ്ണിനെ വീണ്ടെടുക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജമേകുന്നതായി പ്രധാനമന്ത്രിയുടെ വാക്കുകള്‍. കേന്ദ്രം ദുരിതബാധിതര്‍ക്ക് ഒപ്പമാണ്, അവര്‍ ഒറ്റയ്ക്കല്ല, സഹായത്തിന് പണം തടസ്സമാകില്ല , പുനരധിവാസത്തിന് ഉള്‍പ്പെടെ സഹായം ഉണ്ടാകും. അത് നമ്മുടെ ഉത്തരവാദിത്തമാണ്. കേരളം വിശദമായ കണക്കുകളുമായി മെമ്മോറാണ്ടം കൈമാറണമെന്നും വയനാട് കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു.

രാവിലെ പതിനൊന്നേ അഞ്ചിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. അവിടെനിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തിയ അദ്ദേഹം ഉരുള്‍പൊട്ടല്‍ സര്‍വ്വനാശം വിതച്ച മുണ്ടക്കൈ , ചൂരല്‍മല , അട്ടമല , പുഞ്ചിരി മട്ടം പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ശേഷം കല്‍പ്പറ്റയിലെ പ്രത്യേക ഹെലിപാഡില്‍ വന്നിറങ്ങി.

അവിടെ നിന്നും റോഡ് മാര്‍ഗ്ഗം ദുരന്തബാധിത പ്രദേശങ്ങളില്‍ എത്തിയ നരേന്ദ്രമോദി ബെയിലി പാലത്തിലൂടെ നടന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഉരുള്‍പൊട്ടലിന്റെ തീവ്രതയും വിശദവിവരങ്ങളും അദ്ദേഹത്തെ ധരിപ്പിച്ചു. തുടര്‍ന്ന് ദുരിതബാധിതരുള്ള സെന്റ് ജോസഫ് ക്യാമ്പിലും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലും എത്തി. ആശുപത്രിയിലെത്തിയ അദ്ദേഹം ഉരുള്‍പൊട്ടലില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട അരുണ്‍ ഉള്‍പ്പെടെ ആറുപേരെ കണ്ട് ആശ്വസിപ്പിച്ചു. ശേഷം കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിലും പങ്കെടുത്ത് നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടില്‍ നിന്ന് ഡല്‍ഹിയ്ക്ക് മടങ്ങിയത്.

Leave a Reply