കേരളത്തിൽ 4 പേർക്ക് കൂടി കോവിഡ്

0
22

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ രോഗമുക്തി നേടി. കണ്ണൂരിൽ മൂന്ന് പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്.

രോഗം സ്ഥിരീകരിച്ച രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. കണ്ണൂരിൽ രണ്ട് പേരും കാസർഗോഡ് രണ്ട് പേരുമാണ് രോഗമുക്തി നേടിയത്.

sri8-158807419

ഇതുവരെ 485 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 123 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. 20773 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 20255 പേർ വീടുകളിലും 518 പേർ ആശുപത്രികളിലുമാണ്. ഇന്ന് പുതുതായി 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 23980 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.ഇതിൽ 23277 പേർക്ക് രോഗബാധിയില്ല. ആരോഗ്യപ്രവർത്തകർ, അതിഥിതൊഴിലാളികൾ സാമൂഹിക സമ്പർക്കം കൂടുതൽ ഉള്ള മുൻഗണന വിഭാഗങ്ങൾ എന്നിവരിൽ നിന്ന് 875 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 801 പേരുടെ സാമ്പിളുകൾ നെഗറ്റീവാണ്. ഇന്നലെ 3001 സാമ്പിളുകൾ സംസ്ഥാനത്തെ 14 ലാബുകളിൽ പരിശോധിച്ചു. ഇതിൽ 2682 നെഗറ്റീവാണ്. 3 പേർക്ക് രോഗം സ്ഥിരീകരിച്ചു. 391 പേരുടെ പരിശോധന ഫലങ്ങൾ ലഭിക്കാനുണ്ട്. 25 സാമ്പിളുകൾ പുനപരിശോധനക്ക് അയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് പോസ്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോഡ് വളരെ വേഗം തന്നെ സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 175 കേസുകളായിരുന്നു ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഇതുവരെ 89 പേരാണ് ചികിത്സ തേടിയത്. എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കി. ഏറ്റവും അവസാനത്തെ രോഗിയും ഇന്ന് ആശുപത്രി വിട്ടു. ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള 200 പേരടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സംഘത്തെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply