കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിനിടെ സംഘര്‍ഷം,അറസ്റ്റ്; ‘മത്സരംഅട്ടിമറിക്കാന്‍ ശ്രമം’, പരാതിയുമായി മാര്‍ ഇവാനിയോസ്

0
19

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിനിടെ സംഘര്‍ഷം. യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ വേദിയായ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലേക്ക് പ്രതിഷേധവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ഒരു വിഭാഗം മത്സരങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കലോത്സവത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ വേദിയിലേക്ക് തള്ളിക്കയറുകയായിരുന്നു.ഇതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.ഇരു കൂട്ടരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇതോടെ മത്സരങ്ങളും തടസപ്പെട്ടു. മത്സരങ്ങള്‍ തടസപ്പെട്ടതോടെ പ്രതിഷേധവുമായി മത്സരാര്‍ത്ഥികളും രംഗത്തെത്തി. സംഘര്‍ഷാവസ്ഥക്കിടെയും മത്സരം തുടരുകയാണെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു. പ്രധാന വേദിയിലാണ് പ്രതിഷേധമുണ്ടായത്.വേദിക്കുള്ളില്‍നിന്ന് പ്രതിഷേധക്കാരെ മാറ്റിയശേഷമാണ് മത്സരം ആരംഭിച്ചത്. വേദിക്ക് മുന്നിലിരുന്നുള്ള പ്രതിഷേധം തുടരുന്നതിനിടെയാണ് ഒപ്പന മത്സരം ആരംഭിച്ചത്.മത്സരം ആരംഭിച്ചശേഷവും ഇരു വിഭാഗവും തമ്മില്‍ മുദ്രവാക്യം വിളി തുടര്‍ന്നു. പൊലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. സ്റ്റേജിന് മുന്നില്‍ കുത്തിയിരുന്ന് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് പ്രവര്‍ത്തകരെ പുറത്താക്കാനുള്ള നടപടിയാരംഭിച്ചതോടെ വീണ്ടും വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. മത്സരം പുനരാരംഭിച്ചശേഷവും പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് കെഎസ്‌യു പ്രവര്‍ത്തകരെ ഹാളില്‍ നിന്നും പുറത്താക്കി പൊലീസ് വാതിലടക്കുകയായിരുന്നു. ഹാളിന് പുറത്ത് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്‌യുക്കാര്‍ക്കെതിരെ മാത്രമാണ് പൊലീസ് നടപടിയെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിച്ചു.എന്നാല്‍, സെനറ്റ് ഹാളില്‍ പ്രതിഷേധിച്ച മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തുവെന്നും മുഖം നോക്കാതെയാണ് നടപടിയെടുത്തതെന്നും എസിപി എന്‍ ആര്‍ ജയരാജ് പറഞ്ഞു. കെഎസ്‌യുവിന്റെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരായ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും എസിപി പറഞ്ഞു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കെതിരെ മാത്രമാണ് നടപടിയെന്ന ആരോപണം ശരിയില്ലെന്നും എസിപി കൂട്ടിച്ചേര്‍ത്തു.ഇതിനിടെ, സര്‍കലാശാല യൂണിയനെതിരെ മാര്‍ഇവാനിയോസ് കോളേജ് അധികൃതര്‍ ചാന്‍സിലര്‍ക്ക് പരാതി നല്‍കി. ഒരു വിഭാഗം മത്സങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മാര്‍ ഇവാനിയോസിലെ വിദ്യാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ മുദ്രാവാക്യം വിളിച്ച് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമാണ് പരാതി. വിധി കര്‍ത്താക്കളെയും കുട്ടികളെയും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്നും മാര്‍ ഇവാനിയോസ് പ്രിന്‍സിപ്പല്‍ പരാതിയില്‍ പറയുന്നത്.

Leave a Reply