തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ പാര്‍ലമെന്റിലെ സ്വകാര്യ ബില്‍ അവതരണത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല. സ്വകാര്യ ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി അതിന്‍മേല്‍ വിവാദത്തിന്റെ ആവശ്യമില്ല- അദ്ദേഹം പറഞ്ഞു.
‘ഹൈബി ഈഡന്‍ ഏറ്റവും വാത്സല്യമുള്ള കൊച്ചനുജനാണ്. ഈ സംഭവം അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അതിനുള്ള ശക്തിയായ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല. സ്വകാര്യ ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി അതിന്‍മേല്‍ വിവാദത്തിന്റെ ആവശ്യമില്ല. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്നൊക്കെ പറയുന്ന ലാഘവത്തോടെയാണ് അത് ചെയ്തത്. ശരിയായ നടപടിയാണെന്ന് പാര്‍ട്ടി കരുതുന്നില്ല. കൊച്ചിയിലേക്ക് തലസ്ഥാനം മാറണമെന്ന ആവശ്യം കോണ്‍ഗ്രസിനില്ല. കൊച്ചിയില്‍ തലസ്ഥാനമുണ്ടാക്കാനുള്ള സ്ഥലമില്ല. ഇപ്പോള്‍ തന്നെ ശ്വാസം മുട്ടിയാണ് കൊച്ചി നില്‍ക്കുന്നത്. അതിനുള്ള സംവിധാനങ്ങളൊന്നും കൊച്ചിയിലില്ല. കൊച്ചി ചെറിയ സ്ഥലമാണ്. കൊച്ചിക്ക് വേറെ പ്രത്യേകതയുണ്ട്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ്, ഏറ്റവും കൂടുതല്‍ നികുതി സര്‍ക്കാരിന് കൊടുക്കുന്ന സ്ഥലമാണ്. തലസ്ഥാനം അവിടെത്തന്നെ ഇരിക്കട്ടെ.’- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.