കൊയിലാണ്ടി: സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി. സത്യനാഥന്‍ (62) വെട്ടേറ്റുമരിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് (30) സ്റ്റേഷനില്‍ കീഴടങ്ങിയതായി പോലീസ് അറിയിച്ചു. വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.ക്ഷേത്രത്തിനു സമീപത്തിരുന്ന് ഗാനമേള കേള്‍ക്കുന്നതിനിടയിലായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിറകിലൂടെ വന്നാണ് അക്രമി വെട്ടിയതെന്നാണ് സൂചന. ഉത്തരമേഖലാ ഐ.ജി. സേതുരാമന്‍ ഉള്‍പ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ എല്ലാ ജാഗ്രതയും കാട്ടുന്നതായി പോലീസ് അറിയിച്ചു.സത്യനാഥന്‍ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലക്‌സ് മാനേജരാണ്. അച്ഛന്‍: അപ്പുനായര്‍, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കള്‍: സലില്‍ നാഥ് (ആക്‌സിസ് ബാങ്ക്), സലീന. മരുമക്കള്‍: അമ്പിളി, സുനു.പിടിയിലായ അഭിലാഷ് സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്റെ അയല്‍വാസിയുമാണ്.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥനെ ആക്രമിക്കുയായിരുന്നു. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.കൊലപാതക വിവരം അറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലെത്തി. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പോലീസ് കണ്ടെത്തട്ടെ എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും മോഹനന്‍ പറഞ്ഞു. എന്നാല്‍, കൊലപാതകത്തിന് കാരണം വ്യക്തി വിരോധം എന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സത്യനാഥന്റെ മൃതദേഹം വിട്ടുനല്‍കും.