കൊല്ലത്തും കണ്ണൂരിലും കൊട്ടാരക്കരയിലും ഐ ടി പാര്‍ക്കുകള്‍; ബജറ്റില്‍ പ്രഖ്യാപനം

0
3

കൊല്ലത്തും കണ്ണൂരിലും കൊട്ടാരക്കരയിലും ഐ ടി പാര്‍ക്കുകള്‍ സജ്ജമാക്കുമെന്ന് ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 25 ഏക്കര്‍ ക്യാംപസില്‍ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ കണ്ണൂരുകാര്‍ കാലങ്ങളായി കാത്തിരുന്ന ഐടി പാര്‍ത്ത് ഉയരും. ഇതിനായി 293.22 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും പദ്ധതിക്ക് അനുമതിയും നല്‍കിയിട്ടുണ്ട്.

കൊല്ലം ഹൈ ടെക് ആകാനുള്ള പാതയില്‍ അതിവേഗം മുന്നേറുകയാണെന്ന് തെളിയിക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. ബജറ്റില്‍ ഐടി പാര്‍ക്കുകളുമായി ബന്ധപ്പെട്ട് രണ്ട് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളാണുണ്ടായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയോ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയിലോ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി കൊല്ലം കോര്‍പറേഷന് കീഴിലുള്ള ഭൂമി പ്രയോജനപ്പെടുത്തി കൊല്ലം നഗരത്തില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കിഫ്ബിയും കിന്‍ഫ്രയും കൊല്ലം കോര്‍പറേഷനുമായി ഏര്‍പ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലാകും ഐടി പാര്‍ക്ക് പദ്ധതിക്ക് രൂപം നല്‍കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ആദ്യഘട്ട ഐടി പാര്‍കിന് രൂപം നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന കാര്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുത്ത് വരുമാനമുണ്ടാക്കാന്‍ ആത്മവിശ്വാസം നല്‍കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കരയിലെ രവിനഗറില്‍ സ്ഥിതിചെയ്യുന്ന കല്ലട ജലസേചന പദ്ധതി ക്യാംപസിലെ ഭൂമിയിലും ഐടി പാര്‍ക്ക് വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 97300 ചതുരശ്രഅടി വിസ്തീര്‍ണമുള്ള പാര്‍ക്കാകും നിര്‍മിക്കുക. ഈ പദ്ധതികള്‍ വിജയമായാല്‍ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടേയും സര്‍ക്കാരിന്റേയും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തി ഐടി പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply