Monday, September 30, 2024
HomeNewsKeralaകോഴിക്കോട് പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു; അപൂര്‍വ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി, എട്ട്...

കോഴിക്കോട് പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു; അപൂര്‍വ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി, എട്ട് പേരുടെ നില ഗുരുതരം

കോഴിക്കോട്: ജില്ലയില്‍ പടര്‍ന്നുപിടിക്കുന്ന വൈറസ് പനിയെത്തുടര്‍ന്ന് രണ്ടുപേര്‍ കൂടിമരിച്ചു. കുട്ടാലിട സ്വദേശി ഇസ്മായില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അപൂര്‍വ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.അപൂര്‍വ വൈറസ് ബാധ പടരുന്നത് തടയാന്‍ ജില്ലാ തലത്തില്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാന്‍ ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഇതിനായി പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. അടിയന്തര ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതടക്കമുള്ള മേല്‍നോട്ടം ഈ ടാസ്‌ക് ഫോഴ്സിനായിരിക്കും.

പനി ബാധിച്ച എട്ട് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആറ് പേര്‍ ഐസിയുവില്‍ കഴിയുന്നുണ്ട്, ഇതില്‍ അഞ്ച് പേര്‍ ഒരേ പ്രദേശത്തുള്ളവരാണ്. കഴിഞ്ഞ ദിവസം സാബിത്തും സ്വാലിഹും മരിച്ചത് എന്‍സഫിലിറ്റിസ് വിത്ത് മയോക്കാഡൈറ്റിസ് വൈറസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേരിലും വൈറസ് ബാധ സ്ഥിരീകരിച്ചു. 25 പേര്‍ നിരീക്ഷണത്തിലാണ്.

രോഗികളുമായി അടുത്ത് ഇടപഴകിയ ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്താന്‍ ചങ്ങരോത്ത് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പിപിഇ കിറ്റ് ലഭ്യമാക്കാന്‍ ജില്ലാതലത്തില്‍ നടപടിയും ആരംഭിച്ചു. ജില്ലയില്‍ അവധിയില്‍ പോയ എല്ലാ ജീവനക്കാരും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജോലിയില്‍ പ്രവേശിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശമുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments