ന്യൂ ഡൽഹി
മാഹാമാരിക്കെതിരെ മുൻ നിരയിൽ നിന്ന് പോരാടിയ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ജാവേദ് അലിയാണ് ഇന്നലെ മരിച്ചത്. ജൂൺ 24നായിരുന്നു ജാവേദിന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി ഇദ്ദേഹം ചികിത്സയിലായിരുന്നു.
കഴിഞ്ഞ പത്തു ദിവസമായി ഡോ. ജാവേദ് വെന്റിലേറ്ററിൽ ആയിരുന്നെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എയിംസ് ട്രോമ സെന്ററില്‍ വച്ചായിരുന്നു ജാവേദിന്റെ മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ഹീന കൗസറും ഡോക്ടറാണ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്.
‘ഈദ്’ ദിനത്തില്‍ പോലും അവധിയെടുക്കാതെയാണ് ജാവേദ് ജോലി എടുത്തതെന്ന് ഹീന കൗസര്‍ പറഞ്ഞു. മാര്‍ച്ച് മുതല്‍ ഒരു ദിവസം പോലും അദ്ദേഹം അവധി എടുത്തിട്ടില്ല. രാത്രിയും പകലും കര്‍മ നിരതനായിരുന്നു. അദ്ദേഹത്തെ ഒരു രക്തസാക്ഷിയായാണ് കാണുന്നതെന്നും ഹീന പറയുന്നു.