അയർലണ്ടിലെ ഡബിലിനിൽ നിന്നും കരുതലിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശം നൽകി ലോക്ക് ഡൗൺ കാലത്ത് ശ്രീ അനിൽ മാത്യുവും കുടുംബവും ഒരുക്കിയ ഹ്രസ്വചിത്രം നവമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കോവിഡ് 19 ലോക്ക് ഡൗൺ കാലത്തെ വിരസത അകറ്റുവാനും നല്ല നാളേക്കായി ചിന്തനീയമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിയ്ക്കുന്നത്.

ഇനി ഒരു മഹായുദ്ധം ഉണ്ടെങ്കിൽ അത് ജലത്തിന് വേണ്ടി ആവുമെന്ന് ബൗദ്ധിക ലോകം അഭിപ്രായപ്പെട്ടിരുന്നു. ജലത്തിന് അതീവ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മനുഷ്യ ജീവിതം എങ്ങനെ ആവുമെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്. ഭാവിയിൽ അത്തരം ദുരന്ത മുഖത്തെ നേരിടാതിരിയ്ക്കുവാൻ ജലം ഇപ്പോൾ സംരക്ഷിക്കണമെന്നും കരുതലോടെ ഉപയോഗിയ്ക്കണമെന്നും ഈ ഹ്രസ്വ ചിത്രം ഓർമിപ്പിക്കുന്നു. ഒരുകാലത്ത് ജലം സമ്മാനമായി നൽകേണ്ടി വരുമെന്നും പങ്കുവെയ്‌ക്കേണ്ടി വരുമെന്നും ജല ദൗർലഭ്യം മൂലം ആവശ്യകാര്യങ്ങൾ വരെ ഉപേക്ഷിക്കേണ്ടി വരുമെന്നും ഈ ചിത്രം വരച്ചുകാട്ടുന്നു.

പ്രേക്ഷക പ്രശംസ നേടി മുന്നേറുന്ന ഈ ചിത്രത്തിൽ അഭിനയിച്ചിരിയ്ക്കുന്നത് ഒരു കുടുംബം ആണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. കോട്ടയം കുറവിലങ്ങാടിനും കുറുപ്പന്തറയ്ക്കും ഇടയിലുള്ള കാഞ്ഞിരത്താനം സ്വദേശിയായ അനിൽ മാത്യു കഴിഞ്ഞ 15 വർഷമായി അയർലണ്ടിലെ ഡബിലിനിൽ ആണ് താമസം. അനിലിനോടൊപ്പം പത്നി ജിഷ വർഗീസും മക്കളായ കരിനൊവ മാത്യുവും ലിലിയൻ മാത്യുവും ഡാരിയസ് എല്ലാ പ്രവർത്തനത്തിലും സജീവമാണ്.