ന്യുദല്‍ഹി: ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ ക്യാമ്പില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച് സിനിമ നടി പ്രിയങ്ക ചോപ്ര. കോക്‌സ് ബസാറിലെ ക്യാമ്പിലെ അവസ്ഥ നരകസമാനമാണെന്നും ലോകത്തിന്റെ ശ്രദ്ധയും സഹായവും ഇവര്‍ക്ക് ആവശ്യമുണ്ടന്നും ചോപ്ര പറഞ്ഞു. തിങ്ങിഞെരുങ്ങി കഴിയുന്ന കുട്ടികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവരെ സഹായിക്കാന്‍ തന്റെ ആരാധകര്‍ മുന്നിട്ടിറങ്ങണമെന്നും പ്രിയങ്ക അഭ്യര്‍ഥിച്ചു.
”ഞാനിപ്പോള്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാറിലാണ്. യൂനിസെഫിനൊപ്പം ഫീല്‍ഡ് വിസിറ്റിനെത്തിയതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണിത്. 2017 ന്റെ പകുതിയോടെ മ്യാന്‍മറിലെ രാഖിനില്‍ നിന്നുള്ള ഭയാനകമായ വംശഹത്യയുടെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടിരുന്നു. ഈ കൊടും ക്രൂരത കാരണം ഏഴു ലക്ഷത്തോളം റോഹിങ്ക്യകളാണ് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇതില്‍ 60 ശതമാനവും കുട്ടികളായിരുന്നു. കോക്‌സ് ബസാറിലെ ക്യാമ്പിലെ അവസ്ഥ നരകസമാനമാണ്. കുഞ്ഞുങ്ങള്‍ തിങ്ങിഞെരുങ്ങി ശ്വാസംമുട്ടിയാണ് ഓരോദിവസവും തള്ളിനീക്കുന്നത്. അടുത്തനേരം ഭക്ഷണം കിട്ടുമോയെന്ന് പോലും ഇവര്‍ക്ക് ഉറപ്പില്ല. ഇനി മഴക്കാലമാണ് വരാന്‍ പോകുന്നത്. കനത്ത മഴ ഇവരെ നശിപ്പിച്ചുകളയും. മഴ പലവിധം രോഗങ്ങളുമായാണ് എത്തുക. പകര്‍ച്ചവ്യാധികള്‍ ഇവര്‍ക്കിടയില്‍ പടരാന്‍ സാധ്യത കൂടുതലാണ്. ഒരു തലമുറയാണ് ഈ വിധം ദുരിതമനുഭവിക്കുന്നത്. അവരുടെ ചുണ്ടിലെ പുഞ്ചിരി എനിക്ക് അവരുടെ കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞില്ല. ലോകത്തിന്റെ ശ്രദ്ധയും സഹായവും ഇവര്‍ക്ക് ആവശ്യമുണ്ട്. വിദ്യാഭ്യാസവും വലിയൊരു വെല്ലുവിളിയാണ്. ഇവരെ സഹായിക്കണം.” – പ്രിയങ്ക കുറിച്ചു.
യൂനിസെഫ് ഗുഡ്‌വില്‍ അംബാസഡര്‍ പ്രിയങ്ക ചോപ്ര കഴിഞ്ഞ വര്‍ഷം ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥി കുട്ടികളെ സന്ദര്‍ശിച്ചും ലോകത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ബ്രിട്ടനിലെ ദിവസങ്ങള്‍ നീണ്ട രാജകീയ വിവാഹത്തിന്റെ ആഘോഷരാവുകളില്‍ നിന്നാണ് പ്രിയങ്ക കോക്‌സ് ബസാറിലെ ക്യാമ്പിലെത്തിയത്. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്യാമ്പുകളിലൊന്നാണ് കോക്‌സ് ബസാര്‍.