ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം പിഎസ്‌സിക്ക് വിടാന്‍ തീരുമാനം; സ്‌പെഷല്‍ റൂള്‍ ഉണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

0
33

തിരുവനന്തപുരം: പൊലീസിലെ ക്യാംപ് ഫോളോവേഴ്സിന്റെ നിയമനം പിഎസ്‌സി വഴിയാക്കാനുള്ള ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശം. ഒരു മാസത്തിനുള്ളില്‍ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്.

ക്യാംപ് ഫോളോവര്‍മാരുടെ നിയമനം 2011ല്‍ പി‌എസ്‍സിക്കു വിട്ടിരുന്നു. എന്നാല്‍ സ്പെഷല്‍ റൂള്‍സ് രൂപീകരിക്കാത്തതിനാല്‍ നിയമനം നടത്താന്‍ പിഎസ്‌സിക്കു കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനവും താൽക്കാലിക നിയമനവുമാണു നടക്കുന്നത്.

സ്പെഷല്‍ റൂള്‍സ് വരുന്നതോടെ ഇനിയുള്ള നിയമനങ്ങള്‍ പിഎസ്‌സി വഴിയാകും. പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാംപ് ഫോളോവര്‍മാരെ അടിമപ്പണി ചെയ്യിക്കുന്നതായി ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണു നിയമന വിഷയവും ചര്‍ച്ചയായത്. നിയമനം പിഎസ്‌സി വഴിയാക്കണമെന്നു ക്യാംപ് ഫോളോവേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് 2007ല്‍ പുറത്തിറങ്ങിയ സര്‍ക്കുലറില്‍ മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഇതനുസരിച്ചാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. വകുപ്പ് മേധാവികളില്‍നിന്നുള്ള നിര്‍ദേശമനുസരിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് കരട് ചട്ടങ്ങള്‍ തയ്യാറാക്കണം.

തുടര്‍ന്ന് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. കടര് ചട്ടങ്ങള്‍ ഉദ്യോഗസ്ഥരുടെ സമിതി പരിശോധിച്ചശേഷം നിയമവകുപ്പ് പരിശോധിക്കും. ഇതിനുശേഷം പിഎസ്‌സിയുടെ അനുവാദത്തോടെ കരട് ചട്ടങ്ങളുടെ അന്തിമരൂപം തയ്യാറാകും. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം അന്തിമ വിജ്ഞാപനം പുറത്തിറങ്ങും.

ക്യാംപ് ഫോളോവര്‍മാരുടെ നിയമനത്തിനായി കരട് ചട്ടങ്ങളുടെ മാതൃക ഇപ്പോള്‍ നിലവിലുണ്ടെന്നും അതു കാലോചിതമായി പരിഷ്ക്കരിക്കുന്നതിനുള്ള നടപടികളാണു പുരോഗമിക്കുന്നതെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply