ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ വലിയ വിവാദമായിരുന്നു സൗരവ് ഗാംഗുലിയും മുന്‍ കോച്ച് ഗ്രഗ് ചാപ്പലും തമ്മിലുണ്ടായ വാഗ്വാദം. ഗാംഗുലിക്കെതിരെ ചാപ്പല്‍ ബിസിസിഐക്ക് അയച്ച ഇമെയില്‍ ആണ് പ്രശ്‌നത്തിന് തുടക്കമായത്. ഈ വിവാദത്തിന്റെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഐപിഎല്ലിലെ പഞ്ചാബ് ടീം മെന്റര്‍ വീരേന്ദര്‍ സെവാഗ്. ചാപ്പല്‍ അയച്ച ആ മെയിലിനെ കുറിച്ച് ഗാംഗുലിക്ക് ചോര്‍ത്തി നല്‍കിയത് താനായിരുന്നെന്നാണ് സെവാഗ് പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഒരു പുസ്തക പ്രകാശനത്തിനിടെയാണ് സെവാഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗാംഗുലിയും ചാപ്പലും തമ്മിലുളള പോരിന് തുടക്കമിട്ടത് ബിസിസിഐയ്ക്ക് അയച്ച ആ മെയിലായിരുന്നു. ‘മത്സരത്തിനിടയില്‍ എനിക്ക് കഠിനമായ വയറുവേദന വന്നു. അഞ്ചു ഓവറിന്റെ ഇടവേള വേണമെന്ന് അമ്പയറോട് ആവശ്യപ്പെടുകയും അദ്ദേഹം അത് അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് ഞാന്‍ വിശ്രമിക്കാന്‍ പോയി. ചാപ്പലിന്റെ അരികിലാണ് ഇരുന്നത്. ഒരു ഇമെയില്‍ അയക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ബിസിസിഐ്ക്കാണ് മെയില്‍ എന്ന് എനിക്ക് മനസിലായി. ഉടന്‍ തന്നെ ഞാന്‍ ഇക്കാര്യം ദാദയോട് പറഞ്ഞു’, സെവാഗ് പറയുന്നു.
സച്ചിന്റെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേയിലും ചാപ്പലിനെ വിമര്‍ശിക്കുന്നുണ്ട്. ഗ്രെഗ് ചാപ്പല്‍ പ്രതിസന്ധിയിലാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് പിന്നീട് തിരിച്ചുവന്നത് മൂന്നു വര്‍ഷമെടുത്താണെന്ന് ഹര്‍ഭജന്‍ സിങ്ങ് ഒരിക്കല്‍ പറഞ്ഞിരുന്നു. ചാപ്പലിന് അദ്ദേഹത്തിന്റേതായ അജണ്ടയുണ്ടായിരുന്നെന്നും എല്ലാ കാര്യങ്ങളും വ്യക്തിപരമായാണ് എടുക്കുകയെന്നും സഹീര്‍ ഖാനും വ്യക്തമാക്കിയിരുന്നു.