ക്രൊയേഷ്യയെ വീഴ്ത്തി അര്‍ജന്റീന ഫൈനലില്‍

0
62

ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ അധ്വാനിച്ചു കളിച്ച ക്രൊയേഷ്യയെ നിസഹായരാക്കി അര്‍ജന്റീന ഫൈനലില്‍. അല്‍വാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ആറാം തവണയാണ് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ക്രൊയേഷ്യ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയായിരുന്നു ആദ്യ 20 മിനിറ്റില്‍. ലൂക്കാ മോഡ്രിച്ച് ബ്രോസോവിച്ച് കൊവാസിച്ച് സഖ്യം മധ്യനിരയില്‍ കളി നിയന്ത്രിച്ചതോടെ, അര്‍ജന്റീന താരങ്ങള്‍ കാഴ്ചക്കാരായി. ആദ്യ 20 മിനിറ്റ് നിയന്ത്രണം കുറഞ്ഞ അര്‍ജന്റീനയുടെ മറ്റൊരു മുഖമാണ് പിന്നീട് കണ്ടത്. 32ാം മിനിറ്റില്‍ ആദ്യ ഗോളുമെത്തി. അല്‍വാരസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി കിക്കെടുത്തത് ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പന്ത് വലയിലെത്തിച്ച് അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരവുമായി.11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോളാണിത്. 39ാം മിനിറ്റിലാണ് അല്‍വാരസിന്റെ സോളോ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അല്‍വാരസ് പ്രതിരോധതാരങ്ങളെയെല്ലാം മറികടന്ന് വലകുലുക്കി. സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി സൂപ്പര്‍താരം ലയണല്‍ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റമാണ് മൂന്നാം ഗോളിനു വഴിയൊരുക്കിയത്. മെസ്സി നല്‍കിയ എണ്ണം പറഞ്ഞ പാസ് ജൂലിയന്‍ അല്‍വാരസ് വലയില്‍ നിക്ഷേപിച്ചു. ഡി പോളും അല്‍വാരസും പവലിയനിലെത്തിയപ്പോള്‍ ഈ ടൂര്‍ണമെന്റില്‍ ആദ്യമായി ഡിബാലക്കും അവസരം ലഭിച്ചു.നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയാണ് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി ടീമിനെ ഇറക്കിയത്. മഞ്ഞക്കാര്‍ഡുകള്‍ കണ്ട് സസ്‌പെന്‍ഷനിലായ മാര്‍ക്കോസ് അക്യൂനയ്ക്കു പകരം നിക്കോളാസ് തഗ്ലിയാഫിക്കോ കളിച്ചു. ലിസാന്‍ഡ്രോ മാര്‍ട്ടിനസിനു പകരം ലിയാന്‍ഡ്രോ പരേദസും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. 35 വര്‍ഷങ്ങള്‍ക്കിപ്പുറം 2022 ഖത്തര്‍ ലോകകപ്പിലെങ്കിലും ഒരിക്കല്‍ കൂടി അര്‍ജന്റീനയുടെ ശിരസ്സില്‍ ലോക കിരീടം ചാര്‍ത്തപ്പെടുമോ? മറഡോണയില്‍ നിര്‍ത്തിയ ആ വിജയത്തിന്റെ ചരിത്രം കാലം മെസ്സിയിലൂടെ പൂര്‍ത്തിയാക്കുമോ? കാത്തിരുന്നു കാണാം…

Leave a Reply