കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യ പട്ടിക എഐസിസി പുറത്തിറക്കി. 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിൽ നിന്നും പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാർ കനകപുരയിൽ നിന്നും ജനവിധി തേടും.
മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര കൊരട്ടഗെരെ (എസ്‌സി) മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മുൻ മന്ത്രിമാരായ കെ.എച്ച് മുനിയപ്പയും പ്രിയങ്ക് ഖാർഗെയും യഥാക്രമം ദേവനഹള്ളിയിലും ചിതാപൂരിലും (എസ്‌സി) മത്സരിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണ് പ്രിയങ്ക്. യു.ടി അബ്ദുൾ കാദർ അലി ഫരീദിനെ മംഗലാപുരത്ത് നിന്നും രൂപകല എം കോലാർ ഗോൾഡ് ഫീൽഡിൽ നിന്നും ജനവിധി തേടും.
മാർച്ച് 17 ന് ഡൽഹിയിൽ നടന്ന യോഗത്തിന് ശേഷം, പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പട്ടിക അംഗീകരിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയാണ് സമിതിയുടെ അധ്യക്ഷൻ. രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തിരുന്നു. കർണാടക തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയ ആദ്യ പാർട്ടിയാണ് കോൺഗ്രസ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ബംഗളൂരുവിൽ പുതിയ മെട്രോ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിൽ എത്തും.