ഗര്‍ഭനിരോധനത്തിനായി ഐപില്‍ ഗുളിക ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍, ഇതിന്റെ ശാസ്ത്രീയമായ വശങ്ങളെക്കുറിച്ച് മനസ്സിലാക്കാതെയാണ് പലരും ഈ ഗുളിക കഴിക്കുന്നത്. ഏതൊക്കെ ഘട്ടത്തില്‍ ഐപില്‍ ഉപയോഗിക്കാമെന്നും ഉപയോഗിക്കരുതെന്നും ഉപദേശിക്കുകയാണ് ഡോ. വീണ ജെ.എസ്. തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലെ സുദീര്‍ഘമായ കുറിപ്പിലൂടെയാണ് ഐപിലിനെ കുറിച്ച് ഡോക്ടര്‍ വിശദീക
രിക്കുന്നത്.
ഡോക്ടറുടെ കുറിപ്പ് ഇ
ങ്ങനെഐപില്
എല്ലാര്‍ക്കും സുപരിചിതമായ ടാബ്ലെറ്റ്. കേട്ടിട്ടെങ്കിലും ഇല്ലാത്തവര്‍ ചുരുക്കം എന്ന് കരുതുന്നു. ഇതൊരു എമര്‍ജന്‍സി ഗര്‍ഭനിരോധനമാര്‍ഗം ആണ്. ഫര്‍മസിയില്‍ നിന്നും പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ പലര്‍ക്കും ലഭിക്കുകയും ചെയ്യും. പക്ഷേ, ഐപില്‍ സ്‌കെഡ്യൂള്‍ എച്ച് മെഡിസിനാണ്. അതായത്, ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍ക്കാന്‍ പാടില്ല. ഇതൊരു റൊട്ടീന്‍ ഗര്‍ഭനിരോധന മാര്‍ഗവും അല്ല. അതായത്, ഐപില്‍ മറ്റു ഗര്‍ഭനിരോധന ഗുളികളെപ്പോലെ അല്ല !
റൊട്ടീന്‍ മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോള്‍, ഉദാഹരണത്തിന് ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാന്‍ വിട്ടുപോകുമ്പോള്‍, കോണ്ടം പൊട്ടിപ്പോയാല്‍ എന്നീ സാഹചര്യങ്ങളിലും, അവിചാരിതമായ ലൈംഗികബന്ധം സംഭവിക്കുമ്പോഴും ഉപയോഗിക്കാനുള്ള പ്ലാന്‍ ബി കോണ്‍ട്രാസെപ്ഷന്‍ മാത്രമാണിത്. കാരണം, ഹൈ ഡോസ് ഹോര്‍മോണ്‍ ആണ് ഇത്. ശരീരത്തിന് പുറത്തുനിന്നുള്ള ഹോര്‍മോണുകള്‍ എത്ര തന്നെ സുരക്ഷിതം എന്ന് പറഞ്ഞാലും ചില സൈഡ് എഫക്ടുകള്‍ ഉണ്ടാക്കും.
1. ആരൊക്കെ ഐപില്‍ ഉപയോഗിക്കരുത്?
സ്തനാര്‍ബുദം ഉള്ളവര്‍, അടുത്ത രക്തബന്ധത്തില്‍പ്പെട്ടവര്‍ക്ക് സ്തനാര്‍ബുദം ഉള്ളവര്‍, കൊളസ്‌ട്രോള്‍ കൂടുതല്‍ ഉള്ളവര്‍, ഹൃദ്രോഗം ഉള്ളവര്‍, പിത്താശയ രോഗമുള്ളവര്‍, രക്തം കട്ട പിടിക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍, ബിപി ഉള്ളവര്‍ എന്നിവര്‍. അപസ്മാരത്തിനു മരുന്നെടുക്കുന്നവരിലും, ചില ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നവരിലും മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം കാരണം ഐപില്‍ പരാജയപ്പെട്ടേക്കാം. വിഷാദരോഗം ഉള്ളവര്‍ ഉപയോഗിക്കാതിരിക്കുക.
2. എപ്പോള്‍ ഉപയോഗിക്കണം?
ഗര്‍ഭനിരോധന മാര്‍ഗം പരാജയപ്പെട്ടാല്‍, എത്രയും പെട്ടെന്ന് കഴിക്കുക. (72 മണിക്കൂറുകള്‍ക്കുള്ളില്‍. പരാജയ സാധ്യത കൂടുമെങ്കിലും മാക്്‌സിമം 120 മണിക്കൂറുകള്‍ക്കുള്ളില്‍ വരെ കഴിക്കാം.)
3. എങ്ങനെ പ്രവര്‍ത്തിക്കുന്നു?
അണ്ഡോല്പാദനം വൈകിപ്പിക്കുന്നു/തടയുന്നു, അതുവഴി ബീജസങ്കലനം തടയുന്നു.
4. ഒരു ഐപില്‍ കഴിച്ചു എത്ര നേരത്തിനു ശേഷം അടുത്തത് ആവാം ? ഒരാള്‍ ചോദിച്ച ചോദ്യമാണിത്! അങ്ങനെയൊരു ഓപ്ഷന്‍ പോലും പരിഗണിക്കരുത്. ഹൈ ഡോസ് ഹോര്‍മോണ്‍ ആണെന്ന് മറക്കാതിരിക്കുക. ഇന്ന് ഐപില്‍ കഴിച്ചാല്‍, അണ്ഡോല്പാദനം എത്ര നാളേക്ക് വൈകും എന്നതിന് പ്രത്യേക കണക്കൊന്നുമില്ല. ചിലപ്പോള്‍, അണ്ഡോല്പാദനം ഉണ്ടായിട്ടുണ്ടാവും. ഐപില്‍ ബീജസങ്കലനം നടക്കുന്നത് തടയുമെങ്കിലും, സ്ത്രീശരീരത്തിനുള്ളില്‍ പുരുഷബീജം സര്‍വൈവ് ചെയ്യുന്ന ദൈര്‍ഘ്യം കണക്കിലെടുക്കുമ്പോള്‍, കഴിച്ച ഗുളിക എത്ര മണിക്കൂറുകള്‍ സംരക്ഷണം തരും എന്ന് ഉറപ്പു പറയാന്‍ പറ്റില്ല.
മറ്റൊരു കാര്യം. ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, ഉണ്ടായ സിക്താണ്ഡം ഗര്‍ഭാശയ ഭിത്തിയില്‍ പോയി പറ്റിപ്പിടിച്ചു വളരുന്നതില്‍ നിന്നും തടയാന്‍ ഐപില്ലിന് കഴിവില്ല എന്നാണ്. അതുകൊണ്ട് ഉണ്ടായ കൊച്ചിനെ കൊല്ലുകയാണെന്നു ചില മതങ്ങള്‍ക്ക് നിലവിളിക്കേണ്ടി വരില്ല. ഐപില്ലിന്റെ മെറ്റാബോളിസം കഴിയുമ്പോള്‍ (24 മുതല്‍ 32 വരെയുള്ള മണിക്കൂറുകള്‍) വീണ്ടും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടക്കുന്നെങ്കില്‍, മുന്നേ കഴിച്ചത് രക്ഷിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്.
5 സൈഡ് എഫക്ട്‌സ്
ഗുരുതരമായി ഒന്നും ഇല്ലെന്നു പറയപ്പെടുന്നു. സ്തനങ്ങള്‍ക്ക് വേദന അനുഭവപ്പെടാം. ഇടവിട്ടുള്ള ബ്ലീഡിങ് ഉണ്ടാവാം.
അടുത്ത പീരിഡ് ചിലപ്പോള്‍ നേരത്തെയോ വൈകിയോ വരാവുന്നതാണ്. വൈകുന്നുവെങ്കില്‍ ഉറപ്പായും പ്രെഗ്നെന്‍സി ടെസ്റ്റ് ചെയ്യുക. കഴിച്ചു ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ ശര്‍ദി വരുന്നെങ്കില്‍, പരാജയ സാധ്യതയുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഡോസ് റിപ്പീറ്റ് ചെയ്യുക.
ഓള്‍റെഡി ഗര്‍ഭധാരണം നടന്നിട്ടുണ്ടെങ്കില്‍, ഐപില്‍ കഴിച്ചിട്ട് യാതൊരു കാര്യവും ഇല്ലാ. ഐപില്‍ കഴിച്ചതുകൊണ്ട് ആ ഗര്‍ഭത്തിനു യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. I pill is not teratogenic. ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങള്‍ ഉണ്ടാക്കില്ല.
പ്രൊജസ്‌ട്രോണിന്റെ ബിപി കുറക്കുന്ന എഫക്ട് കാരണം ചിലര്‍ക്ക് ഐപില്‍ കഴിച്ച ശേഷം തലചുറ്റല്‍ പോലെ ഉണ്ടാവാം. അതുകൊണ്ട് ഡ്രൈവിംഗ് പോലുള്ള ശ്രദ്ധയാവശ്യമുള്ള കാര്യങ്ങള്‍ ഒഴിവാക്കുക.
ഒരു വര്‍ഷത്തില്‍ എത്ര പ്രാവശ്യം ഉപയോഗിക്കാം എന്നതിന് കൃത്യമായ ഉത്തരം ഉണ്ടാവില്ല. ശരീരത്തില്‍ Normally ഉള്ള പ്രൊജസ്ട്രോണ്‍ ലെവല്‍ നാനോഗ്രാം അളവില്‍ ആണ്. അതിന്റെ ആയിരം മടങ്ങാണ് ഐപില്ലില്‍ ഉള്ളത്. സ്ത്രീശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈസ്ട്രജനും പ്രൊജസ്‌ട്രോണും പ്രത്യേക അനുപാതത്തില്‍ തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇടക്കിടെയുള്ള ഐപില്‍ ഉപയോഗം ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും.
I pill NEVER protects from sexually transmitted illnesses. Please note it. Schedule H medicines prescription ഇല്ലാതെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത് കുറ്റകരമാണ്. ചില രോഗങ്ങള്‍ ഉണ്ടോ എന്നൊക്കെ കൃത്യമായി അസ്സെസ്സ് ചെയ്തിട്ടേ ഐപില്‍ ഉപയോഗിക്കാവൂ എന്നതുകൊണ്ടാണിത് schedule H ആയത്.
ഗര്‍ഭനിരോധനം ഒരു തുടര്‍പ്രക്രിയ ആവണം. എമര്‍ജന്‍സി ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഐപില്‍ ഉപയോഗിക്കാന്‍ പറ്റാത്തവര്‍ക്കു, ഗര്‍ഭനിരോധനമാര്‍ഗം പരാജയപ്പെടുന്നെങ്കില്‍, അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഗര്‍ഭാശയത്തില്‍ കോപ്പര്‍ ടി നിക്ഷേപിക്കാവുന്നതാണ്. അതും ഒരു എമര്‍ജന്‍സി മേതേഡ് ആണ്.