ഗവി എക്‌സ്ട്രാ ‘ഓർഡിനറി’യാണ്

0
30

‘ഓർഡിനറി’ സിനിമയിൽ കണ്ട ഗവിയല്ല ഗവി.ലോകത്തിൽത്തന്നെ അവശ്യം കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണത്.കാടും മഴയും മഞ്ഞും സംഗമിക്കുന്ന യാത്രാനുഭവത്തിനായി ഗവിയിലേക്കു പോവാം..

മഴക്കാലത്തോ മഴകഴിഞ്ഞ ഉടനെയോ ഗവിയിൽ ചെന്നാൽ പച്ചപ്പിന്റെ സൗന്ദര്യം എന്താണെന്ന് നാമറിയും. കാട്ടിൽ മഴപെയ്യുന്നതിന്റെ സൗന്ദര്യമെന്താണെന്ന് അറിയാം. കോട കൊമ്പുകുത്തിക്കളിക്കുന്ന മലഞ്ചെരിവുകളിൽ കാട്ടാനകളുണ്ടാവും, കാട്ടുപോത്തുകളുണ്ടാവും. കിളികളുടെ പാട്ടും ചിത്രശലഭങ്ങളുടെ നൃത്തവും കാട്ടരുവികളുടെ കളകളാരവവും സന്തോഷമേകും.

പുലിയും കടുവയുമടക്കം എല്ലാവിധ വന്യമൃഗങ്ങളുമുള്ള അധികം മനുഷ്യസ്പർശമേൽക്കാത്ത കാടുകളിലൊന്നാണത്. പണ്ട് ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനായി തുടങ്ങിയ കൃഷിയും ഇപ്പോൾ വിനോദസഞ്ചാരവുമാണ് ഗവിയുടെ ജീവിതം. ആ ജീവിതത്തെ അറിയാനും കാണാനും എന്നതിലപ്പുറം ഒരു കാടിന്റെ ഏറ്റവും ആഴത്തിലുള്ള വികാരവും അനുഭൂതികളും സ്വന്തമാക്കാൻ കേരളത്തിലെ ഏറ്റവും പറ്റിയ ഇടങ്ങളിലൊന്നാണ് ഗവി. വിദേശികളാണ് ഇത് ഏറ്റവുമധികം മനസ്സിലാക്കിയിട്ടുള്ളത്. ലോകത്തിൽത്തന്നെ അവശ്യം കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി ഗവിയെ അടയാളപ്പെടുത്തുന്നതും അതുകൊണ്ടുതന്നെ.

കേരളാ ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് ഗവിയിലെ വിനോദസഞ്ചാരത്തിന്റെ ചുമതല. ഇവരുടെ പാക്കേജ് പ്രകാരം ബുക്കുചെയ്ത് പോവുന്നതിലൂടെ താമസമടക്കം എല്ലാ സൗകര്യങ്ങളോടെയും ഗവിയെ അറിയാം. ഇതുവഴി പോവുന്ന കെ.എസ്.ആർ.ടി.സി. ബസ്സിൽ ചുമ്മാ ഒരു യാത്രയാവാം. പലപ്പോഴും ആനയെയും കാട്ടുപോത്തിനെയും ഇത്തരം യാത്രകളിലും കാണാറുണ്ട്. കുമളിയിലോ വണ്ടിപ്പെരിയാറിലോ പോയി ജീപ്പുവിളിച്ച് ഗവിയിലൂടെ ഒരു സഫാരിയാണ് മറ്റൊരു വഴി. ഗവിയുടെ തൊട്ടടുത്താണ് കൊച്ചുപമ്പ. അവിടെ ബോട്ടിങ് സൗകര്യമുണ്ട്.

കോഴിക്കോട്ടുനിന്ന്‌ പോവുകയാണെങ്കിൽ തൃശ്ശൂർ, ചാലക്കുടി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, ഈരറ്റുപേട്ട, മുണ്ടക്കയം, പീരുമേടു വഴി വണ്ടിപ്പെരിയാർ എത്തുക. അവിടെനിന്ന്‌ വള്ളക്കടവ് ചെക്‌പോസ്റ്റിൽ എൻട്രൻസ് ഫീ അടച്ച് അനുമതിവാങ്ങിവേണം കാനനപാതയിലേക്കു പ്രവേശിക്കാൻ. ഗവി കൊച്ചുപമ്പ വഴി പത്തനംതിട്ടയ്ക്കുപോവാം. അല്ലെങ്കിൽ ഗവിയും കൊച്ചുപമ്പയും കണ്ട് തിരിച്ചുപോരാം. ട്രെയിനിലാണ് പോവുന്നതെങ്കിൽ എറണാകുളത്തിറങ്ങി തൊടുപുഴയെത്തി മേല്പറഞ്ഞ റൂട്ടിലൂടെത്തന്നെ വരാം. അല്ലെങ്കിൽ തിരുവല്ല ഇറങ്ങി പത്തനംതിട്ടവന്ന് സീതത്തോട്, ആങ്ങാമൂഴി വഴിയും വരാം.

പത്തനംതിട്ടയിൽനിന്ന്‌ രാവിലെ 6.30-നാണ് കെ.എസ്. ആർ.ടി.സി.ബസ്. 11-ന്‌ അത്‌ ഗവിയിലെത്തും. പിന്നെ 12.30-നും ഒരു ബസ്സുണ്ട്. അത് അഞ്ചിന്‌ ഗവിയിലെത്തും. കുമളിയിൽ നിന്ന് രാവിലെ 5.30-നാണ് ബസ്. ഗവിയിൽ ഏഴിനെത്തും. പിന്നെ ഒന്നരയ്ക്കുള്ള ബസ്സ് മൂന്നിനെത്തും. ഈ ബസ്സിൽ യാത്രചെയ്യാൻ ഒന്നുകിൽ കുമളിയിലെത്തി രാവിലെ 5.30-ന് പുറപ്പെടുന്ന ബസ്സോ 1.20-ന് പുറപ്പെടുന്ന ബസ്സോ പിടിക്കുക. അല്ലെങ്കിൽ പത്തനംതിട്ടയിൽനിന്ന് രാവിലെ 6.30-നോ 1.20-നോ പുറപ്പെടുന്ന ബസ് പിടിക്കുക.

108 രൂപയാണ് ടിക്കറ്റുനിരക്ക്. മുഴുവൻ റൂട്ടും താത്‌പര്യമില്ലെങ്കിൽ ഗവിയിൽ ഇറങ്ങി അവിടം കറങ്ങിയശേഷം തിരിച്ച് കുമളിക്കുള്ള ബസ്സിൽത്തന്നെ പോകാം. പത്തനംതിട്ടയിൽ നിന്നാണെങ്കിലും അങ്ങനെ യാത്ര ബ്രേക്ക് ചെയ്യാം. ഏറ്റവുംനല്ലത് രാവിലെ കുമളിയൽനിന്ന് പുറപ്പെടുന്ന ബസ്സാണ്. വന്യമൃഗങ്ങളെ കാണാനുള്ള അവസരം കൂടുതലായിരിക്കും.

കുമളിയിൽനിന്ന്‌ 50 കിലോമീറ്റർ അകലെ വണ്ടിപ്പെരിയാറിൽനിന്ന് 28 കിലോമീറ്ററാണ് ഗവിക്ക്. കോട്ടയത്തുനിന്ന്‌ 128 കി.മീ. എറണാകുളത്തുനിന്ന്‌ 168 കിലോമീറ്ററും. ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരിയാണ് -160 കിലോമീറ്റർ.’ഓർഡിനറി’ സിനിമകണ്ട് അതുപോലൊരു ഗവിയാണ് കാണേണ്ടതെന്ന് വാശി പിടിക്കരുത്. കാരണം ആ ചിത്രം ഗവിയേക്കാൾ കൂടുതൽ കുട്ടിക്കാനത്തും പീരുമേട്ടിലുമൊക്കെയാണ് ഷൂട്ടുചെയ്തത്.

ബസ്സിന്റെ ബോർഡിൽ ഗവി എന്നു പേരിട്ടിട്ടുണ്ടെന്നേയുള്ളൂ. ചിലരിവിടെവന്ന് പ്രശ്നമുണ്ടാക്കാറുള്ളതുകൊണ്ടാണ് ഇതുപറഞ്ഞത്. ഇതെന്തൂട്ട് ഗവി എന്ന് ചിലർ ചോദിക്കുമത്രെ. ഓർഡിനറിയിൽക്കണ്ട ഗവിയെവിടെ, ഇവിടെ എവിടാ കുഞ്ചാക്കോ ബോബൻ താമസിച്ച വീട് എന്നെല്ലാം ചോദിക്കും. ഓർഡിനറിയല്ല ഗവി. ഇത് ശരിക്കും എക്‌സ്‌ട്രാ ഓർഡിനറിയാണ്. കാടിനെ അറിയാനും ആസ്വദിക്കാനും വരുന്നവർ ഗവിയെ മനസ്സിലേറ്റിയേ പോവൂ. വിദേശികളാണെങ്കിൽ ഈ ശാന്തതയിൽ വെറുതെയിരിക്കും. ചിലപ്പോൾ വായിച്ചുകൊണ്ടിരിക്കും. ഈ പ്രകൃതിയെത്തന്നെ ഏറെ വായിക്കാനുണ്ട്.

കേരളാ ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ വിവിധ പാക്കേജുകളുണ്ട്. താമസം, ഏലത്തോട്ടത്തിലൂടെ ട്രെക്കിങ്, ജംഗിൾ സഫാരി, ബോട്ടിങ്, ശബരിമല വ്യൂപോയിന്റ് സന്ദർശനം എന്നിവ അടങ്ങിയ വിവിധ പാക്കേജുകൾക്ക് ഒരാൾക്ക് 2500-3000 എന്നിങ്ങനെ ചെലവു വരും. ഭക്ഷണവും ഗൈഡ്ഫീയും ഇതിൽ ഉൾപ്പെടും. ഇതിന്റെ വിശദവിവരങ്ങൾക്കായി താഴെകൊടുക്കുന്ന നമ്പറിൽ ബന്ധപ്പെട്ടാൽമതി.

കുമിളിയിലും തേക്കടിയിലും ചില ട്രാവൽ ഏജൻസികൾ അമിതതുക ഈടാക്കി സഞ്ചാരികളെ കബളിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ കെ.എഫ്. ഡി.സി.യുടെ വെബ്‌സൈറ്റു വഴി ബുക്കുചെയ്തു പോകുന്നതാണ് നല്ലത്. യാത്രയ്ക്കിടയിൽ ഈ കാര്യങ്ങൾകൂടി ഓർക്കുക-കൈയും തലയും പുറത്തിടരുത്. കാഴ്ചകളിൽ ഹരം കയറി കൈയും തലയും പുറത്തിടരുത്, മരച്ചില്ലകൾ കണ്ണിൽ കൊള്ളും. പ്ലാസ്റ്റിക്കടക്കം ഒരു മാലിന്യവും വലിച്ചെറിയരുത്. വന്യമൃഗങ്ങളെ കാണുമ്പോൾ ബഹളംവെക്കരുത്. കാനനവഴികളിൽ ഇറങ്ങി നടക്കരുത്. പുകവലി പാടില്ല.

Contact- 9947492399, 8547809270, 8289821300, 8289821305, 8289821306, 9446112034, 994682140 കെ.എസ്. ആർ.ടി.സി. പത്തനംതിട്ട: 0468 2222366, കുമളി: 0486 2323400 Website:

Leave a Reply