സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് മുറുകുന്നതിനിടെ പ്രതിപക്ഷ നിലപാട് വ്യക്തമാക്കി വി.ഡി സതീശൻ. ഗവർണർ-മുഖ്യമന്ത്രി വാക്പോരിൽ പ്രതിപക്ഷം പങ്കാളികളല്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. സർക്കാരുമായി ചേർന്ന് ഗവർണർ തെറ്റ് ചെയ്തപ്പോൾ സർക്കാരിന് പരാതിയില്ലായിരുന്നു. സർക്കാരിനും ഗവർണർക്കും ഇടയിൽ ഇടനിലക്കാരുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ നടക്കുന്ന നാടകത്തിൽ പ്രതിപക്ഷം പങ്കാളിയാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പുവയ്ക്കരുതെന്നാണ് പ്രതിപക്ഷ നിലപാട്. സർവകലാശാല വിഷയത്തിൽ ഗവർണറുടെ നിലപാടാണ് ശരി. തന്നെ കയ്യേറ്റം ചെയ്യാനുള്ള ഗവർണറുടെ ആരോപണം താൻ വിശ്വസിക്കുന്നില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.നിയമവിരുദ്ധമായ കാര്യങ്ങൾ സർക്കാർ ചെയ്തപ്പോൾ അതിന് ഗവർണർ കൂട്ടുനിന്നു. ഇപ്പോൾ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോഴാണ് ഗവർണറെ ആർഎസ്എസ് -ബിജെപി വക്താവൊക്കെയായി സർക്കാർ ചിത്രീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.