ഗാനഗന്ധർവ്വൻ യേശുദാസിനു 79-)o പിറന്നാൾ. പതിവുപോലെ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ സംഗീതാരാധന

0
34

ഗാനഗന്ധർവ്വൻ യേശുദാസിനു 79-)o പിറന്നാൾ. പതിവുപോലെ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ സംഗീതാരാധന ഉണ്ട്. യേശുദാസിന്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് 2000 ത്തിലാണ് കൊല്ലൂർ സംഗീതാരാധനാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഗീതോത്സവത്തിനു തുടക്കം കുറിച്ചത്. കഴിഞ്ഞ 19 വർഷവും യേശുദാസ് പതിവ് തെറ്റിക്കാതെ ഇവിടെ വന്നു സംഗീതാർച്ചന ചെയ്തു. രാവിലെ മുതൽ സദ്യവരെ നീളുന്ന സംഗീതോത്സവത്തിൽ കേരളത്തിലെ നിരവധി സംഗീതജ്ഞർ പങ്കെടുക്കാറുണ്ട്.

1940 ജനുവരി 10-ന് ഫോർട്ടുകൊച്ചിയിലെ റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്) കുടുംബത്തിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ മകനായി ജനിച്ചു. ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു.

അച്ഛൻ പാടി പഠിപ്പിച്ച പാഠങ്ങൾ മനസ്സിലേറ്റിയ യേശുദാസ്‌ പന്ത്രണ്ടാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരു നൽകി ..തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു.

1961 നവംബർ 14-നാണ്‌ യേശുദാസിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്തത്. കെ എസ്‌ ആന്റണി സംവിധാനം ചെയ്ത ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ച യേശുദാസിന്റെ ശബ്ദം കേട്ടുകൊണ്ടാണ് ഇന്ന് ഓരോ മലയാളിയുടെയും ദിവസം കടന്നു പോകുന്നത് . ശബരിമലയിലും ഗുരുവായൂരും പാടി പതിഞ്ഞ ഈണവും ശബ്ദവും യേശുദാസിന്റേതാണ് .

ക്രിസ്തീയ, ഹൈന്ദവ, ഇസ്ലാം തുടങ്ങിയ എല്ലാ മതവിഭാഗങ്ങളും വിശ്വസിക്കുന്നത് ഒരേ ദൈവത്തില്‍ തന്നെയാണെന്ന് കരുതുന്ന യേശുദാസ് മതസൌഹാര്‍ദ്ദത്തിന്റെ ഒരു തികഞ്ഞ വക്താവാണ്‌..

ജനറേഷൻ ഗ്യാപ്പോ പ്രായഭേദമോ നോക്കാതെ ആബാലവൃദ്ധം മലയാളികൾ ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരു പാട്ടുകാരൻ ഇനി മലയാളത്തിലുണ്ടാവുമോ എന്ന് സംശയമുണ്ട്.നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തെ തിരഞ്ഞെത്തിയിട്ടുണ്ട്. ദേശീയതലത്തില്‍ അദ്ദേഹത്തിനു ഏഴു തവണ ഏറ്റവും നല്ല ഗായകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിനു ഇരുപത്തിമൂന്ന് തവണയാണ് ലഭിച്ചത് . അംഗീകാരങ്ങള്‍ കുന്നുകൂടുമ്പോഴും കൂടുതല്‍ വിനയാന്വിതനാകുന്ന അദ്ദേഹം തന്റെ സംഗീത സപര്യ ഇപ്പോഴും തുടരുന്നു..

വലിയവീട്ടില്‍ കുരിയന്‍ എബ്രഹാമിന്റെയും അമ്മിണിയുടെയും പുത്രി പ്രഭയാണ് അദ്ദേഹത്തിന്റെ പ്രിയ പത്നി. വിനോദ്, വിജയ്‌, വിശാല്‍ എന്ന മൂന്നു മക്കളിൽ വിജയ് അച്ഛന്റെ പാത പിന്തുടരുന്നു

മലയാള സിനിമാ സംഗീത മേഘലയില്‍ നൂതന വഴിത്താരകള്‍ വെട്ടിത്തുറന്ന ഈ ഗന്ധര്‍വ്വ ഗായകന്റെ നേട്ടങ്ങള്‍ വളരെയധികമാണ്.

ഏതൊരു സെലിബ്രിറ്റി-യെയും പോലെ ഇദ്ദേഹവും ആരോപണങ്ങൾക്കും മദ്ധ്യമവിചാരണക്കും വിധേയമാകാറുണ്ട്; അന്ധമായ ആരാധനയും അന്ധമായ വെറുപ്പും ആണ് ഇതിനു പിന്നിൽ..അതൊന്നും ആ സംഗീതോപാസനയ്ക്ക് മുന്നിൽ ഒന്നുമല്ല . എത്രയോ നല്ല പാട്ടുപാടിയതിനു മലയാളി എന്നും നന്ദിയോടെ മാത്രം എന്നെന്നും സ്മരിക്കുന്ന ശബ്ദത്തിനുടമയാണ് യേശുദാസ് … ഓരോ മലയാളിയുടെയും നെഞ്ചിലെ സ്വകാര്യ അഭിമാനമായ യേശുദാസിന് ആയുരാരോഗ്യ സന്തോഷ സൌഖ്യങ്ങള്‍ നേരുന്നു-pravasimalayaly

Leave a Reply