
മോചന ഉത്തരവ് ജയിലിൽ എത്തിയതോടെയാണ് പ്രതികളെ മോചിപ്പിച്ചത്. ശ്രീലങ്കൻ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി. നളിനിയുടെ ഭർത്താവ് മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്. പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യേക ജയിലിലും മുരുകനും ശാന്തനും വെല്ലൂർ സെൻട്രൽ ജയിലിലും, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ചെന്നൈ പുഴൽ ജയിലിലും രവിചന്ദ്രൻ തൂത്തുകൂടി സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞിരുന്നത്.
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ഉൾപ്പെടെ എല്ലാ പ്രതികളെയും മോചിപ്പിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ബി ആർ ഗവായി, ബി വി നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. ഈ വർഷം മെയ് 18 നാണ് കേസിൽ 30 വർഷത്തിലധികം ജയിൽ വാസം അനുഭവിച്ച എ ജി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.