Sunday, October 6, 2024
HomeNewsKeralaഗുജറാത്ത് ഹൈക്കോടതിയുടെ നടപടി തെറ്റ്; ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി തെറ്റ്; ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച്. ഏഴു ദിവസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ടീസ്റ്റയ്ക്ക് ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടർന്ന് ഹർജി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.  

ടീസ്റ്റ നൽകിയ ജാമ്യാപേക്ഷ ഇന്ന് ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം വേണമെന്ന ടീസ്റ്റയുടെ ആവശ്യം നിരസിച്ച ജസ്റ്റിസ് നിർസാർ ദേശായി, എത്രയും വേഗം കീഴടങ്ങണമെന്നും ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് രാത്രി തന്നെ പുതിയ ബെഞ്ച് പരിഗണിക്കണമെന്ന ടീസ്റ്റയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

ഇടക്കാല ജാമ്യം അനുവദിക്കാത്ത ഗുജറാത്ത് ഹൈക്കോടതി നടപടി തെറ്റാണെന്നും, നടപടി അദ്ഭുതപ്പെടുത്തുന്നുണ്ടെന്നും മൂന്നംഗ ബെഞ്ച് വിലയിരുത്തി. സുപ്രീം കോടതി രണ്ടംഗ ബെഞ്ചിൽ ജസ്റ്റിസ് അഭയ് എസ്.ഓക്ക, ടീസ്റ്റയ്ക്ക് ജാമ്യം നല്‍കാമെന്ന് പറഞ്ഞപ്പോൾ ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര വിയോജിച്ചു. ഇതോടെ മൂന്നംഗ ബെഞ്ചിന് കൈമാറുകയായിരുന്നു.

കേസിൽ 2022 ജൂൺ 25ന് ടീസ്റ്റയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ ആയിരുന്ന ടീസ്റ്റ, സെപ്റ്റംബറിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയിൽമോചിതയായി. തുടർന്നാണ് ജാമ്യഹർജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്ക് മാറ്റിയത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ടീസ്റ്റയുടെ ജാമ്യ ഹർജി നിരവധി തവണ പരിഗണിക്കാതെ നീട്ടിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments