കോവിഡ് 19 പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വരാൻ രജിസ്റ്റർ ചെയ്തത് ലക്ഷക്കണക്കിന് പ്രവാസികളാണ്. ഇവരിൽ അരലക്ഷം ആളുകൾ നേരിടാൻ പോകുന്ന പ്രതിസന്ധി തൊഴിലില്ലായ്മ ആണ്. ഇവർക്ക് ഒരു പാഠമാകുകയാണ് വിദേശത്ത് BSc നേഴ്സ് ആയി ജോലി ചെയ്ത ഡിക്സണും BSc നഴ്‌സിംഗ് പഠിക്കുന്ന അനിയത്തി ഡയാനയും.

ലോക്ക് ഡൗൺ ദിനങ്ങളെ ഹരിത നിറം അണിയിക്കുകയാണ് കുറവിലങ്ങാട് കളത്തൂർ എണ്ണച്ചേരിൽ ജോസ്ഫും കുടുംബവും. കളത്തൂർ ചാലപ്പിള്ളിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപം ഇവർ പാട്ടത്തിനെടുത്ത രണ്ടര ഏക്കർ സ്‌ഥലത്ത് കേവലം ഒന്നര മാസത്തിനിടയ്ക്ക് നടത്തിയത് മാതൃകയാക്കുന്ന കൃഷികൾ.
വീട്ടിലെ അത്യാവശ്യം പണികൾ കഴിഞ്ഞാൽ ജോസഫും ഭാര്യ മേരിയും മക്കളായ ഡിക്സണും ഡയാനയും കൃഷി സ്‌ഥലത്തേയ്‌ക്ക് ഇറങ്ങും. കളത്തൂർ മുട്ടത്തിൽ സുകുമാരന്റെ 60 സെന്റ് സ്‌ഥലവും വടശേരി മനയിൽ മണിക്കുട്ടൻ നമ്പൂതിരിയുടെ പാടശേഖരവും പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. പാടത്തു നെൽകൃഷി നടത്തിയതിന് ശേഷം ഇപ്പോൾ വൻപയർ വിതച്ചിരിയ്ക്കുന്നു. മുട്ടത്തിൽ സുകുമാരന്റെ കൃഷിസ്‌ഥലം വർഷങ്ങളായി തരിശു കിടക്കുകയായിരുന്നു. ഇത് പൂർണ്ണമായി വൃത്തിയാക്കി വഴുതന, പയർ, ചീര, വെണ്ട, പച്ചമുളക്, വെള്ളരി കൃഷികൾ ആരംഭിച്ചു. ജോസഫ് മേരി ദമ്പതികളുടെ മകൻ ഡിക്‌സൺ BSc നേഴ്സ് ആണ്. ഡിക്സൻറെ അനുജത്തി ഡയാന BSc നഴ്സിംഗ് വിദ്യാര്ഥിനിയുമാണ്. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് മുൻപാണ് ഇവർ നാട്ടിലെത്തിയത്.