ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം 11000 കവിഞ്ഞു

0
29

സൗദി

ഗള്‍ഫ് നാടുകളില്‍ കോവിഡ്-19 രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. രോഗബാധിതരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. ഇതുവരെ ആറ് ഗള്‍ഫ് രാജ്യങ്ങളിലുമായി രോഗം ബാധിച്ചവരുടെ എണ്ണം 11,000 കടന്നു. എഴുപതുപേര്‍ മരിച്ചു. ഇതില്‍ 44 മരണവും സൗദി അറേബ്യയിലാണ്. യു.എ.ഇ.യില്‍ 12, ഖത്തറില്‍ ആറ്, ബഹ്റൈനില്‍ അഞ്ച്, ഒമാനില്‍ രണ്ട്, കുവൈത്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണം. സൗദിയിലും യു.എ.ഇ.യിലും ഓരോ മലയാളികള്‍ മരിച്ചു. കുവൈത്തിലെ രോഗം സ്ഥിരീകരിച്ച 910 പേരില്‍ 479 പേരും ഇന്ത്യക്കാരാണ്. ഇതിനകം 1800 പേര്‍ വിവിധ രാജ്യങ്ങളിലായി രോഗവിമുക്തി നേടിയിട്ടുമുണ്ട്.

എല്ലാ രാജ്യങ്ങളും വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.ചില രാജ്യങ്ങളില്‍ കര്‍ഫ്യൂവിന് സമാനമായ നടപടികളുണ്ട്. യു.എ.ഇ. ഈമാസം 18 വരെ ദേശീയ അണുനശീകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായില്‍ പകല്‍പോലും പുറത്തിറങ്ങാനോ വാഹനം ഇറക്കാനോ മുന്‍കൂട്ടി അനുമതിവേണം. മെട്രോ, ട്രാം സര്‍വീസുകള്‍ നിര്‍ത്തി. വാണിജ്യ, തൊഴില്‍ മേഖലകളെല്ലാം മിക്കയിടത്തും നിശ്ചലമാണ്.

കുവൈത്തില്‍ ഇന്ത്യന്‍ വംശജര്‍ കൂടുതലുള്ള കേന്ദ്രങ്ങളിലാണ് കൂടുതല്‍ രോഗവ്യാപനം. ഒമാനില്‍ രോഗവ്യാപനം അതിന്റെ പാരമ്യത്തിലെത്തിയിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിഗമനം. സൗദി അറേബ്യയില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിലെത്താനാണ് സാധ്യതയെന്ന് സൗദി ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പ് നല്‍കുന്നു.

മലയാളികള്‍ ഏറെയുള്ള ദുബായിലെ ദേര മേഖലയില്‍ ഓരോ കെട്ടിടവും കേന്ദ്രീകരിച്ച്‌ താമസക്കാരുടെ ആരോഗ്യപരിശോധന തുടരുകയാണ്. വാഹനത്തില്‍ ഇരുന്നുകൊണ്ടുതന്നെ നേരെ പരിശോധനാ കേന്ദ്രത്തില്‍ പോയുള്ള രോഗ നിര്‍ണയ സംവിധാനങ്ങള്‍ യു.എ.ഇ. വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. പത്ത് ദിവസത്തിനകം അബുദാബിയില്‍ മാത്രം ഇത്തരം 13 കേന്ദ്രങ്ങളാണ് തുടങ്ങിയത്. ഇതിനകം അഞ്ചരലക്ഷത്തിലേറെ പരിശോധനകളാണ് യു.എ.ഇ. നടത്തിയതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. അതേസമയം 22-നും 44-നും ഇടയില്‍ പ്രായമുള്ളവരാണ് രോഗബാധിതരായവരില്‍ ഏറെയും എന്നതാണ് യു.എ.ഇ.യിലെ പ്രത്യേകത. മരണനിരക്കാകട്ടെ 0.5 ശതമാനം മാത്രവും എന്നതും നേട്ടമായി യു.എ.ഇ. ചൂണ്ടിക്കാട്ടുന്നു

Leave a Reply