ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി വനിതകൾ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം ആരംഭിച്ചു. അമേരിക്കൻ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന് തുടക്കമിട്ടത്. ഇന്ത്യൻ സമയം വൈകിട്ട് ഏഴുമണിയോടെയാണ് ഇവർ ബഹിരാകാശ നടത്തം ആരംഭിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവർ കൺട്രോളർ മാറ്റിസ്ഥാപിക്കുന്നതിനാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിരിക്കുന്നത്. കോച്ചിന്റെ നാലാമത്തെ ബഹിരാകാശ നടത്തമാണ് ഇത്. മെയറിന്റെ ആദ്യത്തേതും. ഏഴുമണിക്കൂർ ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തുണ്ടാകും.
പുതിയ ബാറ്ററികൾ സ്ഥാപിക്കുന്നതിനായി ഒക്ടോബർ 21 തിങ്കളാഴ്ച ഇരുവരും ചേർന്ന് ബഹിരാകാശനിലയത്തിന് പുറത്തിറങ്ങാൻ നിശ്ചയിച്ചിരുന്നു. ഇതിനിടെ പവർ കൺട്രോളറുകളിലൊന്നിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരുടേയും ബഹിരാകാശ നടത്തം ഈ ആഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ഇതുവരെ 15 വനിതകൾ പുറത്ത് നടന്നിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം പുരുഷനും കൂടെയുണ്ടായിരുന്നു.
ക്രിസ്റ്റീന കോച്ച് മാർച്ചിലാണ് നിലയത്തിൽ എത്തിയത്. ഇതുവരെ മൂന്ന് തവണ നിലയത്തിന് പുറത്ത് നടന്നു. ജസീക്ക മെയർ ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് നിലയത്തിൽ എത്തിയത്. ജസീക്ക മെയറുടെ നിലയത്തിന് പുറത്തുള്ള ആദ്യ നടത്തം ചരിത്രത്തിലേക്കാണ്.
മുമ്പ് മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകൾ മാത്രമുള്ള ബഹിരാകാശ നടത്തത്തിന് നാസ പദ്ധതിയിട്ടിരുന്നെങ്കിലും യാത്രികരിലൊരാൾക്ക് പാകമായ ബഹിരാകാശ വസ്ത്രം ബഹിരാകാശ നിലയത്തിൽ ഇല്ലാതിരുന്നതിനെ തുടർന്ന് അത് മാറ്റിവെക്കുകയായിരുന്നു. ക്രിസ്റ്റീന കോച്ചും ആൻ മക്ലൈനുമാണ് അന്ന് ബഹിരാകാശ നടത്തത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ജൂണിൽ മക്ലൈൻ ഭൂമിയിലേക്ക് മടങ്ങിയിരുന്നു.
ജസീക്ക മെയറുടെയും ക്രിസ്റ്റീന കോച്ചിന്‍റെയും ചരിത്ര ചുവട്‍ വയ്പ്പ് നാസ ടിവി തത്സമയം കാണിക്കുന്നുണ്ട്.