ന്യൂ ഡൽഹി
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തലസ്ഥാന നഗരിക്ക് ഈ രാജ്യത്തോളം തന്നെ മഹത്വമുണ്ട്. പുരാണങ്ങളും, ഐതീഹ്യവും, ചരിത്രകഥകളും വാഴ്ത്തുന്ന ഇന്ദ്രപ്രസ്ഥത്തിന് പറഞ്ഞാല്‍ തീരാത്ത കഥകളുണ്ട്. മഹാഭാരത കഥയിലെ ഐതീഹ്യനഗരം മുതല്‍, മുഗളന്മാരും, ബ്രിട്ടീഷുകാരും മുതല്‍ ആധുനീക ജനാധിപത്യം വരെ എത്രയോ തലമുറകള്‍ വെട്ടിപ്പിടിച്ചും, തച്ചുടച്ചും, പുനര്‍നിര്‍മ്മിച്ചും താലോലിച്ച ഈ നഗരത്തിന്റെ ചരിത്രത്തിന്റെ പുനര്‍വായനക്ക് പല ഭാഷ്യങ്ങളുണ്ട്. പോയകാലത്തിന്റെ പുനര്‍വായന ഓര്‍മ്മപ്പെടുത്തലാണ് തെറ്റുകുറ്റങ്ങള്‍ തിരുത്തി നല്ല നാളെയ്ക്കായുള്ള തയ്യാറെടുപ്പാണ്.
ഡല്‍ഹി ചരിത്രത്തിന്റെ പ്രൗഡപ്രസന്നമായ കാലത്തെ വരും തലമുറയ്ക്കായി അടയാളപ്പെടുത്താന്‍ മലയാളം ഒരു യൂട്യൂബ് ചാനല്‍ ഡല്‍ഹിയില്‍ പ്രവത്തനം ആരംഭിച്ചു. ‘ഡല്‍ഹി കാഴ്ചകള്‍’ എന്ന പേരില്‍ ആരംഭിച്ച ചാനലിന്റെ അണിയറക്കാര്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരാണ്. ആദ്യത്തെ എപ്പിസോഡ് ഇന്ത്യ ചരിത്രത്തിന് മറക്കാനാവാത്ത ബ്രിഗേഡിയര്‍ ജോണ്‍ നിക്കോള്‍സനെ സംസ്‌കരിച്ച പുരാണ ദില്ലിയിലെ നിക്കോള്‍സണ്‍ സെമിത്തേരിയെക്കുറിച്ചാണ്. 1857-ലെ ശിപായി ഡഹള എന്ന് സായിപ്പ് പരിഹസിച്ച നമ്മുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരം അടിച്ചമര്‍ത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബാംഗാള്‍ റെജിമെന്റ് തലവനായിരുന്നു അയര്‍ലന്റ് സ്വദേശിയായ നിക്കോള്‍സണ്‍. യുദ്ധം ജയിച്ചെങ്കിലും പടനായകന്‍ കൊല്ലപ്പെട്ട യുദ്ധം ഇന്ത്യചരിത്രത്തിന് മറക്കാനാവില്ല കാരണം ബ്രിട്ടണ്‍ അടിച്ചേല്‍പ്പിച്ച അടിമത്വവും, ഇന്ത്യ വിഭജനവും, ഇന്ത്യക്കാര്‍ ഹിന്ദു-മുസ്‌ലീം എന്നീ ചേരികളിലേക്ക് മുദ്രണം ചെയ്യപ്പെടാനും, എണ്ണിയാലൊടുങ്ങാത്ത അനേകം സാമുദായിക കലാപങ്ങള്‍ക്കും കാരണമാക്കിയത് ഈ യുദ്ധമാണ്.