ചരിത്രനിമിഷം!! അമേരിക്കയും ഉത്തരകൊറിയയും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു

0
26
ലോകം കാത്തിരുന്ന ട്രംപ്- ഉന്‍ കൂടിക്കാഴ്ച അവസാനിച്ചു. ചരിത്രനിമിഷങ്ങള്‍ക്കാണ് സിംഗപൂരിലെ കാപെല്ല ഹോട്ടല്‍ സാക്ഷ്യം വഹിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളുടെയും തലവന്‍മാര്‍ സംയുക്ത പ്രസ്താവന നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയ പ്രസിഡന്റ് കിം ജോംഗ് ഉന്നും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതോടെ ലോകം മുഴുവന്‍ കാത്തിരുന്ന കൂടിക്കാഴ്ചയ്ക്ക് വിരാമമായി.

കൂടിക്കാഴ്ച വിജയകരമാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചര്‍ച്ച ഗംഭീരമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ‘കഴിഞ്ഞ കാര്യങ്ങള്‍ കഴിഞ്ഞു, ചര്‍ച്ചയില്‍ ഏറെ സന്തോഷമുണ്ട്’ എന്നായിരുന്നു ഉന്‍ പ്രതികരിച്ചത്. സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതായി സ്ഥിരീകരണമുണ്ടെങ്കിലും എന്തെല്ലാം ഉപാധികളോടെയാണ് ഉടമ്പടിയില്‍ ഇരു നേതാക്കളും ഒപ്പുവെച്ചതെന്ന് സ്ഥിരീകരണമില്ല.

ഇരു രാജ്യങ്ങളും സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെടുകയാണെന്നും ഇത് ചരിത്രനിമിഷമാണെന്നും ട്രംപ് മാധ്യമങ്ങളോട് പങ്കുവെച്ചു. അമേരിക്കയുമായി ചരിത്രബന്ധം പുനസ്ഥാപിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു ഉന്‍ പറഞ്ഞത്. അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ നിര്‍ണായക കരാറുകളിലാണ് ഒപ്പുവെക്കുന്നതെന്ന് ഇരു നേതാക്കളും പറഞ്ഞു.

ഉത്തരകൊറിയ ആണവനിരായുധീകരണത്തിന് തയ്യാറാകണമെന്നായിരുന്നു കൂടിക്കാഴ്ച തുടങ്ങും മുന്‍പ് അമേരിക്ക ആവശ്യപ്പെട്ടിരുന്നത്. അമേരിക്കയുടെ ആവശ്യം ഉത്തര കൊറിയ അംഗീകരിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ആണവനിരായുധീകരണം പൂര്‍ണമായി അവസാനിപ്പിക്കണമെങ്കില്‍ അമേരിക്ക തങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം പൂര്‍ണമായി നീക്കണമെന്ന ഉപാധി ഉത്തര കൊറിയയും മുന്നോട്ട് വെച്ചിരുന്നു. ഇതേ കുറിച്ചൊന്നും പൂര്‍ണമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇത് അമേരിക്ക അംഗീകരിച്ചിട്ടുണ്ടോ എന്നതിലും വ്യക്തത നല്‍കാതെയാണ് ഇരു നേതാക്കളും സംയുക്ത പ്രസ്താവന അവസാനിപ്പിച്ചത്.

അതേസമയം, കിമ്മിനെ ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. ഈ ക്ഷണം ചര്‍ച്ച വിജയകരമായിരുന്നു എന്നതിന്റെ സുപ്രധാന തെളിവാണ്. ചര്‍ച്ച വിജയകരമാണെങ്കില്‍ കിമ്മിനെ താന്‍ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ചര്‍ച്ച പരാജയപ്പെട്ടാല്‍ താന്‍ ഇറങ്ങിപ്പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തുകൊണ് ഇല്ല എന്ന മറുചോദ്യമായിരുന്നു ട്രംപ് ഉന്നയിച്ചത്.

Leave a Reply