ചാന്ദ്‌നിയെ കൊലപ്പെടുത്തിയത് അസ്ഫാക്ക് തന്നെ; കുറ്റം സമ്മതിച്ചതായി പൊലീസ്

0
20

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ അഞ്ച് വയസുകാരി ചാന്ദ്‌നിയെ കൊലപ്പെടുത്തിയത് കുട്ടിയെ വീട്ടില്‍നിന്നു കൊണ്ടുപോയ അസ്ഫാക്ക് ആലം തന്നെയാണെന്ന് പൊലീസ്. ഇക്കാര്യം ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും.

കുട്ടിയെ മറ്റൊരാള്‍ക്കു കൈമാറിയെന്ന് നേരത്തെ പറഞ്ഞത് അന്വേഷണത്തെ വഴി തെറ്റിക്കാനാണെന്നു വ്യക്തമായിട്ടുണ്ട്. ഇന്നു രാവിലെ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കൊലപാതക വിവരം പറഞ്ഞത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാര്‍ക്കറ്റിലെത്തി മൃതദേഹം കണ്ടെത്തിയതെന്നും ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും.

ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നാണ് പതിനൊന്നരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചെളിയില്‍ താഴ്ത്തി, ചാക്കിട്ടു മൂടി മുകളില്‍ കല്ലു വച്ച നിലയിലായിരുന്നു മൃതദേഹം.

മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ അഞ്ചുവയസുകാരിയായ മകള്‍ ചാന്ദ്‌നിയെ
ഇന്നലെയാണ്തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തില്‍ 2 ദിവസം മുന്‍പു താമസിക്കാനായെത്തിയ ബിഹാര്‍ സ്വദേശിയ അസ്ഫാക് ആലമാണ് കുട്ടിയെ വീട്ടില്‍നിന്നു കൊണ്ടുപോയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും പൊലിസ് പറഞ്ഞു.

രാംധറിനു 4 മക്കളുണ്ട്. സ്‌കൂള്‍ അവധിയായതിനാല്‍ അവര്‍ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ. മക്കളില്‍ രണ്ടാമത്തെയാളാണ് ചാന്ദ്‌നി. രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കി.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആലുവ തോട്ടക്കാട്ടുകരയില്‍നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ചാന്ദ്‌നി. 

Leave a Reply