Monday, January 20, 2025
HomeNewsചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍; മുഹമ്മദ് ഖാൻ ഡൽഹിക്ക്

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍; മുഹമ്മദ് ഖാൻ ഡൽഹിക്ക്

തിരുവനന്തപുരം∙ സംസ്ഥാനത്തെ പതിനാലു സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി. ഇന്നു രാവിലെയാണ് മന്ത്രിമാർ ഒപ്പിട്ട ഓർഡിനൻസ് രാജ്ഭവനിലേക്ക് അയച്ചത്. തന്നെ ബാധിക്കുന്ന ഓർഡിനൻസ് ആയതിനാൽ രാഷ്ട്രപതിയുടെ ശുപാർശയ്ക്ക് അയയ്ക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. രാഷ്ട്രപതിക്ക് അയച്ചാൽ തീരുമാനം ഉണ്ടാകുന്നതുവരെ ബിൽ അവതരിപ്പിക്കാനാകില്ല.

ഓർഡിനൻസ് രാഷ്ട്രപതി പരിഗണിക്കുമ്പോൾ അതിനു പകരമുള്ള ബിൽ നിയമസഭയിൽ കൊണ്ടുവരാൻ സാധിക്കില്ലെന്നു ചട്ടമുണ്ട്. അതിനാൽ നിയമനിർമാണം അനിശ്ചിതമായി നീണ്ടേക്കും. ഇന്നു രാവിലെ തിരുവല്ലയിലേക്കു പോയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈകിട്ടു ഡൽഹിക്കു തിരിക്കും. 20നു മാത്രമേ മടങ്ങിയെത്തുകയുള്ളൂ. കേരളത്തിനു പുറത്താണെങ്കിലും നിയമസഭ വിളിച്ചു ചേർക്കുന്നതിനു മുൻപ് രാജ്ഭവനിൽ ഓർഡിനൻസ് ലഭിച്ചാൽ അത് ഇ ഫയൽ വഴി സ്വീകരിച്ച് നടപടി സ്വീകരിക്കാൻ ഗവർണർക്കു സാധിക്കും.

ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭ വിളിച്ചു ചേർക്കുന്നതു ചർച്ച ചെയ്യും. നിയമസഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഈ ഓർഡിനൻസിനു പ്രസക്തിയില്ല.
ഗവർണർ പദവി വഹിക്കുന്ന ആൾ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടിയായിരിക്കണം എന്ന വകുപ്പാണ് ഓർഡിനൻസിലൂടെ നീക്കം ചെയ്യാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതിനായി എല്ലാ സർവകലാശാലകളുടെയും ചട്ടങ്ങളിൽ ഭേദഗതി വരുത്താനും തീരുമാനിച്ചിരുന്നു. ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകൾ കൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments