ചിരിയുടെ തമ്പുരാന് വിട ചൊല്ലി കൊച്ചി; അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍

0
48

കൊച്ചി: അന്തരിച്ച സിനിമാ താരവും മുന്‍ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരാധകരും സിനിമാ-രാഷ്ട്രീയ കേരളവും. രാവിലെ എട്ടു മുതല്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഇന്നസെന്റിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചത്. സംവിധാകന്‍ ഫാസില്‍, സിബി മലയില്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.

ഇന്നസെന്റിന്റെ മൃതദേഹം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തിയപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നിരവധി ആരാധകരാണ് തടിച്ചു കൂടിയത്. നിരവധി സിനിമാ സംഘടനാ പ്രതിനിധികളും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, സിപിഎം ജില്ലാ സെക്രട്ടറി സി എം മോഹനന്‍ തുടങ്ങിയവര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. 

രാവിലെ 11 മണി വരെയാണ് കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കുക. തുടര്‍ന്ന് മൃതദേഹം ജന്മനാടായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വെക്കും. മൂന്നു മണിക്കു ശേഷം ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. 

ഇന്നസെന്റിന്റെ സംസ്‌കാരം നാളെ ഇരിങ്ങാലക്കുടയില്‍ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു ഇന്നസെന്റിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. 

Leave a Reply