ചൂര്‍ണിക്കര വ്യാജരേഖ കേസ്: പ്രതിഫലം 30,000 രൂപ ലഭിച്ചുവെന്ന് അരുൺ, അറസ്റ്റ് രേഖപ്പെടുത്തി

0
38

 

തിരുവനന്തപുരം: ആലുവയിലെ ചൂര്‍ണിക്കര വ്യാജരേഖ കേസിൽ കസ്റ്റഡിയിലെടുത്ത റവന്യൂ ഉദ്യോഗസ്ഥൻ അരുണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസന്വേഷണം വിജിലൻസ് ഏറ്റെടുക്കാനും സാധ്യതയുണ്ട്.

അരുണിനെ ചോദ്യം ചെയ്തശേഷം പോലീസ് പറയുന്നത് ഇങ്ങനെ:

”ചൂര്‍ണിക്കര വില്ലേജിലെ 25 സെൻ്റ് സ്ഥലം നികത്താനായി അനുമതി തേടി അപേക്ഷ നൽകിയ ഇടനിലക്കാരനായ അബുവിന് രസീത് ലഭിച്ചു. ഇതിലെ റഫറൻസ് നമ്പര്‍ ഉപയോഗിച്ചാണ് അബു വ്യാജ രേഖ തയ്യാറാക്കിയത്. ഇതിന് ശേഷം രേഖ അരുണിനെ ഏൽപ്പിച്ചു. ലാൻ്റ് റവന്യൂ കമ്മീഷണര്‍ ഭക്ഷണം കഴിക്കാൻ പുറത്തുപോയ സമയത്താണ് അരുൺ രേഖയിൽ സീൽ പതിച്ചത്.” ഇതിന് 30,000 രൂപ പ്രതിഫലം ലഭിച്ചുവെന്ന് അരുൺ മൊഴി നൽകിയതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അബുവിനെ ചോദ്യം ചെയ്തപ്പോളാണ് കേസിലെ അരുണിൻ്റെ പങ്ക് പുറത്തുവന്നത്. അതേസമയം തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ റവന്യൂ മന്ത്രിയായിരിക്കെ രണ്ട് വര്‍ഷത്തോളം അരുൺ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. എന്നാൽ ഇയാളെ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് പുറത്താക്കിയിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.

അബുവും അരുണും ഉൾപ്പെടുന്ന സംഘം നടത്തിയ മറ്റ് ഭൂമിയിടപാടുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉണ്ടായേക്കാമെന്നും സൂചനയുണ്ട്.

Leave a Reply