ചെങ്ങന്നൂരിലെ വിജയ പരാജയങ്ങള്‍ തീരുമാനിക്കാനുള്ള കഴിവ് ഒന്നും മാണിക്കില്ല, ശക്തി ഉണ്ടെങ്കില്‍ അത് തെളിയിക്കട്ടെ: വെല്ലുവിളിയുമായി കാനം രാജേന്ദ്രന്‍

0
44

കൊല്ലം: എല്‍ഡിഎഫിലേക്ക് പുതിയ ഘടകക്ഷികളെ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂരിലെ വിജയ പരാജയങ്ങള്‍ തീരുമാനിക്കാനുള്ള കഴിവ് മാണിക്കില്ല. ശക്തി ഉണ്ടെങ്കില്‍ മാണി തെളിയിക്കട്ടെയെന്നും കാനം പറഞ്ഞു. ആരുടെയും വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും കാനം വ്യക്തമാക്കി.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് കാനത്തിന് പറയാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇക്കാര്യം തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് സംസ്ഥാന സമിതിയാണ്. ഒരു ഘടകക്ഷിക്ക് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ എല്ലാവരുടേയും വോട്ടുകള്‍ സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.എം.മാണിയുടെ സഹായം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. മാണിയില്ലാതെയാണു ചെങ്ങന്നൂരില്‍ ജയിച്ചിട്ടുള്ളതെന്നും യുഡിഎഫില്‍ നിന്ന് പിണങ്ങിവരുന്നവരെയെല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ് എന്നും കാനം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി കോടിയേരിയും, കെ.എം മാണിയും രംഗത്തെത്തുകയായിരുന്നു.

മാണിയുടെ വോട്ട് എല്‍ഡിഎഫിന് വേണ്ട എന്ന പരാമര്‍ശത്തിന് കാനം മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു കെ.എം മാണിയുടെ പ്രതികരണം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയമാണ് കാനത്തിന്റെ ലക്ഷ്യമെന്ന് മാണി പറഞ്ഞു.കേരള കോണ്‍ഗ്രസ് വോട്ട് ചെയ്യുന്നവര്‍ ജയിക്കുമെന്ന് കെ.എം.മാണി പറഞ്ഞു. ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. അതേ സമയം മാണിയുടെ വോട്ട് എല്‍ഡിഎഫിന് വേണ്ട എന്ന നിലപാടുള്ള സിപിഐക്കും കാനത്തിനും ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന ലക്ഷ്യമാണുള്ളത്.

സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയാണ് നില്‍ക്കുന്നത് എന്നുള്ളത് കൊണ്ട് തോറ്റാലും തങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല, മാണിയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞാല്‍ നഷ്ടം സിപിഎമ്മിനായിരുക്കുമെന്നും കാനം കണക്ക് കൂട്ടുന്നുവെന്നും കെ.എം.മാണി പറഞ്ഞു. കാനത്തിന്റെ നിലപാടിനോട് കൂടുതലൊന്നും പ്രതികരിക്കുന്നില്ല. മറുപടി അര്‍ഹിക്കുന്നില്ല അദ്ദേഹം. എല്‍ഡിഎഫിന് ജയിക്കണമെന്ന ആഗ്രഹമൊന്നും കാനത്തിനില്ലെന്നും മാണി പ്രതികരിച്ചു.

അതേ സമയം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചാല്‍ സ്വീകരിക്കുമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞു. രാഷ്ട്രീയമായ നിലപാട് മുന്നണി നേതൃത്വം എടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply